കേരളം
മുല്ലപ്പെരിയാർ മരംമുറി ഉത്തരവ് കേരളം റദ്ദാക്കി
മുല്ലപ്പെരിയാറിലെ ബേബി ഡാമിന് സമീപത്തെ 15 മരങ്ങൾ മുറിച്ച് മാറ്റുന്നതിന് തമിഴ്നാടിന് അനുമതി നൽകിയ ഉത്തരവ് കേരളം റദ്ദാക്കി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് നിർണായക തീരുമാനം എടുത്തത്. മുല്ലപ്പെരിയാർ കേസിൽ സുപ്രീം കോടതിയിൽ തമിഴ്നാട് ഈ ഉത്തരവ് ആയുധമാക്കിയേക്കുമെന്നും അതിനാൽ ഉത്തരവ് റദ്ദാക്കാണമെന്നുമുള്ള നിയമോപദേശമാണ് വിഷയത്തിൽ കേരളത്തിന് ലഭിച്ചത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം. ബേബി ഡാം ബലപ്പെടുന്നതിന് വേണ്ടി 15 മരങ്ങൾ മുറിക്കാനായിരുന്നു തമിഴ്നാടിന് കേരളം അനുമതി നൽകിയത്. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ മരംമുറിക്കുന്നതിനുള്ള സർക്കാർ ഉത്തരവിന് നന്ദിയറിച്ച് കത്തയച്ചതോടെയാണ് കേരളത്തിന്റെ നിർണായക ഉത്തരവിനെ കുറിച്ച് പുറത്തറിഞ്ഞത്.
പുതിയ ഡാം വേണമെന്ന ആവശ്യം കേരളം സുപ്രീം കോടതിയിൽ ആവർത്തിച്ച് ഉന്നയിക്കുന്നതിനിടെയാണ് ബേബി ഡാം ബലപ്പെടുത്തുന്നതിനുള്ള മരംമുറിക്ക് കേരളം അനുമതി നൽകിയത്. ഇത് വിവാദമായതോടെ ഉത്തവിട്ടത് ഉദ്യോഗസ്ഥരാണെന്നും മന്ത്രിതലത്തിലോ മുഖ്യമന്ത്രിയോ ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്നുമായിരുന്നുമുള്ള ന്യായീകരണവുമായി മന്ത്രിമാർ രംഗത്തെത്തി.
പ്രതിപക്ഷ കക്ഷികളടക്കം പ്രതിഷേധിച്ചതോടെ വിവാദ ഉത്തരവ് മരവിപ്പിച്ചു. തമിഴ്നാട് കേരളാ സംയുക്ത പരിശോധന നടന്നുവെന്നും അതിന് ശേഷമാണ് മരംമുറിക്കാനുള്ള ഉത്തരവിട്ടതെന്നുമുള്ള നിർണായക വിവരങ്ങൾ പിന്നീട് പുറത്ത് വന്നു. നിയമസഭയിലടക്കം വിഷയം ആളിക്കത്തിയതോടെയാണ് മന്ത്രിസഭായോഗം ചേർന്ന് ഉത്തരവ് റദ്ദാക്കാൻ തീരുമാനിച്ചത്.