കേരളം
ഹെൽമറ്റിൽ ക്യാമറ ഘടിപ്പിച്ചാൽ ഇനി പിടി വീഴും; ലൈസൻസ് മൂന്ന് മാസത്തേക്ക് റദ്ദാക്കും
ഇരുചക്ര വാഹനം ഓടിക്കുമ്പോൾ ഹെൽമെറ്റിൽ ക്യാമറ ഘടിപ്പിക്കുന്നവരുടെ ഡ്രൈവിങ് ലൈസൻസ് മൂന്ന് മാസത്തേക്ക് റദ്ദാക്കാൻ ട്രാൻസ്‌പോർട്ട് കമ്മീഷണർ നിർദേശം നൽകി. 1000 രൂപ പിഴയും ഈടാക്കും. ഹെൽമെറ്റിൽ ക്യാമറ ഘടിപ്പിച്ച് ഡ്രൈവിങ്ങിനിടെ ദൃശ്യങ്ങൾ പകർത്തുന്നത് അപകടങ്ങളുണ്ടാക്കിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
ഹെൽമെറ്റിൽ മാറ്റം വരുത്തുന്നത് നിയമ വിരുദ്ധമാണ്. ഹെൽമെറ്റിന്റെ പുറംഭാഗം തുളച്ചാണ് ക്യാമറ ഘടിപ്പിക്കുന്നത്. ഇത് ഹെൽമെറ്റ് കവചത്തിന്റെ സുരക്ഷിതത്വം ഇല്ലാതാക്കും. തറയിൽ വീഴുമ്പോൾ തെന്നിനീങ്ങുന്ന വിധത്തിലുള്ള ഹെൽമെറ്റ് ഡിസൈൻ സുരക്ഷിതത്തിനു വേണ്ടിയുള്ളതാണ്.
ക്യാമറ സ്റ്റാൻഡ് ഘടിപ്പിക്കുന്നതോടെ ഇത് ഇല്ലാതാകും. ഹെൽമെറ്റിലെ ചിൻസ്ട്രാപ്പ്, അകത്തെ കുഷ്യൻ തുടങ്ങി എല്ലാ ഘടകങ്ങൾക്കും നിർദിഷ്ട നിലവാരം പാലിക്കണം. ഇതിൽ മാറ്റം വരുത്തുന്നതും നിയമവിരുദ്ധമാണ്. നാല് വയസിനു മുകളിലുള്ള എല്ലാ ഇരുചക്ര വാഹന യാത്രികരും സുരക്ഷിതമായ ഹെൽമറ്റ് ധരിക്കണമെന്നു നിയമമുണ്ട്.