കേരളം
കോവിഡ് പരീക്ഷ മുടക്കിയതോടെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ തുടര്‍പഠനം വഴിമുട്ടി വിദ്യാര്‍ത്ഥികള്‍
കോവിഡ് കാരണം പരീക്ഷയെഴുതാന്‍ കഴിയാതെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളുടെ ഉപരിപഠനം പ്രതിസന്ധിയിലായതായി റിപ്പോർട്ട്. പരീക്ഷയെഴുതാന്‍ പകരം സംവിധാനം ഒരുക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചെങ്കിലും അത് നടപ്പായില്ല. പലസ്ഥലങ്ങളിലും പിജി ബി.എഡ് പ്രവേശന നടപടികള്‍ പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ യൂണിവേഴ്‌സിറ്റിയില്‍ നിന്നും അനുകൂല മറുപടിയൊന്നും ലഭിക്കുന്നില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.
നേരത്തെ കോവിഡ് ബാധിതരായതിനാല്‍ പി. പി. ഇ കിറ്റ് ധരിച്ചു പ്രത്യേക മുറിയില്‍ ഇരുന്ന് പരീക്ഷ എഴുതാന്‍ ഞങ്ങള്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നെങ്കിലും അനുവാദം നല്‍കിയിരുന്നില്ല. ഇങ്ങനെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് തടസ്സം വരാത്ത രീതിയില്‍പ്രത്യേക പരീക്ഷ നടത്തും എന്ന് യൂണിവേഴ്‌സിറ്റി അധികൃതര്‍ ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.എന്നാല്‍ ഇതെല്ലാം ഇപ്പോള്‍ തള്ളിക്കളയുകയാണ് സര്‍വകലാശാല.
പല പി.ജി അഡ്മിഷനും 15,18,21 എന്നീ തീയതികളില്‍ അവസാനിപ്പിക്കാന്‍ പോവുകയാണ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ തന്നെ ബി.എഡ് പ്രവേശനത്തിന് അപേക്ഷ നല്‍കാനുള്ള അവസാന തീയതി 21 ആണ്. കേരള യൂണിവേഴ്‌സിറ്റിയുടെ എന്‍ട്രന്‍സ് പരീക്ഷ എഴുതിയതിന്റെ ഫലം ലഭ്യമാകണമെങ്കില്‍ ഇന്ന് തന്നെ മാര്‍ക്ക് ലിസ്റ്റ് അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള സ്വയംഭരണ കോളജുകളില്‍ അപേക്ഷ നല്‍കേണ്ട ആവസാന തീയതി 18 ആണ്.
കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിന് അപേക്ഷിക്കാനുള്ള തീയതിയും 15ാം തീയതിയോടെ അവസാനിക്കും. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പ്ലാസ്റ്റിക് എഞ്ചിനീയറിങ് ടെക്‌നോളജി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ട് പോലും മാര്‍ക്ക് ലിസ്റ്റ് ലഭ്യമല്ലാത്തതിനാല്‍ പല വിദ്യാര്‍ത്ഥികള്‍ക്കും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും നിവേദനം നല്‍കിയിട്ടുണ്ട്. യുദ്ധകാല അടിസ്ഥാനത്തില്‍ പരീക്ഷകള്‍ പൂര്‍ത്തിയാക്കി ഈ വര്‍ഷം തന്നെ തുടര്‍ പഠനം സാധ്യമാക്കണമെന്നാണ് വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നത്.