കേരളം
കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിവയ്ക്കാന്‍ മന്ത്രിസഭാ തീരുമാനം
കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനെതിരെയും പിൻവാതിൽ നിയമനങ്ങൾക്കെതിരെയും പ്രതിഷേധങ്ങൾ ശക്തമായ പശ്ചാത്തലത്തിൽ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന നീക്കങ്ങൾ താൽക്കാലികമായി നിർത്തി വച്ച് സംസ്ഥാനസർക്കാർ.
ഇന്നത്തെ മന്ത്രിസഭായോഗത്തിലാണ് സർക്കാരിന്റെ തീരുമാനം. സ്ഥിരപ്പെടുത്തൽ നടപടി സുതാര്യമാണെന്നും, എന്നാൽ പ്രതിപക്ഷം തെറ്റിദ്ധാരണ പടർത്തുകയാണെന്നും വിലയിരുത്തിയാണ് സ്ഥിരപ്പെടുത്തൽ തീരുമാനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ മന്ത്രിസഭായോഗം തീരുമാനിക്കുന്നത്.
ഇതുവരെ നടത്തിയ കരാർ നിയമനങ്ങളുടെ സ്ഥിരപ്പെടുത്തൽ റദ്ദാക്കില്ല. എന്നാൽ ഇന്നത്തെ മന്ത്രിസഭായോഗത്തിലടക്കം പരിഗണിച്ചിരുന്ന സ്ഥിരപ്പെടുത്തൽ തീരുമാനങ്ങൾ താൽക്കാലികമായി പരിഗണിക്കുന്നില്ലെന്ന് സർക്കാർ തീരുമാനിക്കുകയാണ്. ആരോഗ്യ, റവന്യൂ വകുപ്പുകളിലേക്ക് അടക്കം നൂറ്റിയമ്പതോളം പേരെ സ്ഥിരപ്പെടുത്താനുള്ള അജണ്ട ഇന്ന് മന്ത്രിസഭായോഗത്തിന് മുന്നിലുണ്ടായിരുന്നു.
പത്ത് വർഷം തികച്ചവരെ മാത്രമാണ് സ്ഥിരപ്പെടുത്താൻ തീരുമാനിച്ചിരുന്നതെന്നും, ഇത് തീർത്തും സുതാര്യമായ നടപടിയാണെന്നും സർക്കാർ മന്ത്രിസഭായോഗത്തിൽ വിലയിരുത്തി. ഇതിൽ മനുഷ്യത്വപരമായ പരിഗണനയാണ് സർക്കാർ പ്രധാനമായും നൽകിയിരുന്നത്. എന്നാൽ പ്രതിപക്ഷം ഇതേക്കുറിച്ച് വലിയ തെറ്റിദ്ധാരണ പരത്തുകയാണ്. ഈ സാഹചര്യത്തിൽ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് നിർത്തി വയ്ക്കാമെന്നാണ് സർക്കാർ തീരുമാനം.
മിക്ക വകുപ്പുകളിലേക്കുമുള്ള സ്ഥിരപ്പെടുത്തൽ നിയമനങ്ങൾ നടന്നുകഴിഞ്ഞുവെന്നതും ശ്രദ്ധേയമായ കാര്യമാണ്. അടുത്തയാഴ്ച തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നുകഴിഞ്ഞാൽപ്പിന്നെ, മന്ത്രിസഭായോഗം ചേരാനാകില്ല. ഇത് കണക്കിലെടുത്ത് ദീർഘമായ മന്ത്രിസഭായോഗമാണ് ഇന്ന് ചേർന്നത്. വിശദമായ ചർച്ചയ്ക്ക് ശേഷമാണ് സ്ഥിരപ്പെടുത്തൽ തൽക്കാലം നിർത്തിവയ്ക്കാൻ സർക്കാർ തീരുമാനിച്ചതെന്നാണ് വിവരം.
അതേസമയം സർക്കാർ സർവീസിൽ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ ചട്ടം രൂപീകരിച്ചിട്ടുണ്ടോയെന്നും ഉണ്ടെങ്കിൽ അക്കാര്യം അറിയിക്കാൻ സർക്കാരിനോട് കോടതി നിർദേശിച്ചു. താൽക്കാലിക നിയമനങ്ങളിലെ സ്ഥിരപ്പെടുത്തൽ തടയണമെന്ന ആവശ്യത്തിൽ കോടതി ഇടപെട്ടില്ല.
കെൽട്രോൺ പോലുള്ള കമ്പനികളിലടക്കം താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതും വിവിധ വകുപ്പുകളിലെ പിൻവാതിൽ നിയമനവും ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് കോടതിയുടെ നിർദേശം. താൽക്കാലിക നിയമനങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊല്ലം സ്വദേശികളായ ഫൈസൽ കുളപ്പാടം, വിഷ്ണു സുനിൽ എന്നിവർ സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്.
കരാറുകാരെ സ്ഥിരപ്പെടുത്തിയത് പിഎസ്‌സി റാങ്ക് ലിസ്റ്റിൽ നിന്ന് നിയമിക്കാൻ കഴിയാത്ത തസ്‌തികകളിലേക്കാണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ സ്ഥിരപ്പെടുത്തൽ നടന്ന തസ്‌തികകളിൽ പിഎസ്‌സി വിചാരിച്ചാലോ ആ വകുപ്പ് തന്നെ വിചാരിച്ചാലോ സ്ഥിരപ്പെടുത്താൻ സാധിക്കില്ല. ഇത്തരം വസ്‌തുതകൾ നിലനിൽക്കെ പ്രതിപക്ഷം യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് തെരുവിൽ ഇറക്കുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു.