കേരളം
ഐടി മേഖലയിൽ ബാർ: പുതുക്കിയ മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം
പുതുക്കിയ മദ്യനയത്തിന് മന്ത്രിസഭയുടെ അനുമതി. മന്ത്രി സഭാ യോഗത്തിന്റെ അജണ്ടയിൽ വിഷയം ഉൾപ്പെടുത്തി. പുതിയ മദ്യനയം പ്രാബല്യത്തിൽ വരുന്നതോടെ ഐടി പാർക്കുകളിൽ ബാറുകളും പബ്ബുകളും നിലവിൽ വരും. ഇതിനുള്ള ഐടി സെക്രട്ടറിയുടെ റിപ്പോർട്ടാണ് സർക്കാർ അംഗീകരിച്ചത്. എല്ലാ മാസവും ഒന്നാം തീയതിയുള്ള ഡ്രൈ ഡേയും തുടരും. കൂടുതൽ വിദേശമദ്യ ശാലകൾക്കും അനുമതിയുണ്ട്. മദ്യം പ്ലാസ്റ്റിക് കുപ്പികളിൽ വിതരണം ചെയ്യുന്നത് ഒഴിവാക്കും. പഴങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനും അനുമതി നൽകി.
10 വർഷം പ്രവൃത്തി പരിചയമുള്ള , മികച്ച പേരുള്ള ഐ ടി സ്ഥാപനങ്ങൾക്ക് ആകും പബ് ലൈസൻസ് നൽകുക. നിശ്ചിത വാർഷിക വിറ്റുവരവുള്ള ഐ ടി കമ്പനികളായിരിക്കണമെന്ന നിബന്ധനയുമുണ്ട് . പബുകൾ ഐടി പാർക്കിനുള്ളിൽ ആകും . ഇവിടേക്ക് പുറത്തു നിന്നുള്ളവർക്ക് പ്രവേശനം ഉണ്ടാകില്ല. പബ് നടത്തിപ്പിന് ഐ ടി സ്ഥാപനങ്ങൾക്ക് വേണമെങ്കിൽ ഉപകരാർ നൽകാം.
ക്ലബുകളുടെ ഫീസിനേക്കാൾ കൂടിയ തുക ലൈസൻസ് ഫീസായി ഈടാക്കാനാണ് ആലോചന. സംസ്ഥാനത്തെ ഐടി പാർലറുകളിൽ വൈൻ പാർലറുകൾ തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിലാണ് പ്രഖ്യാപിച്ചത്. കൂടുതൽ ബെവ്‌കോ ഔട്ട്‌ലെറ്റുകൾ, ബാറുകളുടെ വിതരണം എന്നിവയുടെ നയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ബെവ്‌കോ ഔട്ട്‌ലെറ്റുകളുടെ ദൂരപരിധി കുറച്ചാണ് കൂടുതൽ മദ്യ വിതരണ കേന്ദ്രങ്ങൾ തുറക്കുന്നത്. കള്ളുഷാപ്പുകളുടെ ദൂരപരിധി കുറയ്‌ക്കാനും മദ്യനയത്തിൽ നിർദ്ദേശമുണ്ട്.