കേരളം
നിയമസഭ തിരഞ്ഞെടുപ്പ്: നിയമലംഘനം അറിയിക്കാന്‍ തൃശൂരില്‍ സി വിജില്‍ ആപ്പ് -യോഗങ്ങള്‍, ജാഥ മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ സുവിധ ആപ്പ്
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം നിയമസഭാ തിരഞ്ഞെടുപ്പിന് പ്രത്യേകമായ സംവിധാനങ്ങള്‍ ജില്ലയിലും ഒരുക്കിയതായി ജില്ലാ കലക്ടര്‍ എസ് ഷാനവാസ് അറിയിച്ചു. കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ജില്ലയിലെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി കലക്ടര്‍ അറിയിച്ചത്.
കൊവിഡ് പോസിറ്റീവ്, സമ്ബര്‍ക്ക ലിസ്റ്റില്‍പ്പെട്ടവര്‍ എന്നിവര്‍ക്കുള്ള സ്‌പെഷ്യല്‍ ബാലറ്റ്, 80 വയസ്സിന് മുകളിലുള്ളവര്‍, 40% ത്തില്‍ കൂടുതല്‍ ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് വിതരണവും ജില്ലയില്‍ പുരോഗമിക്കുന്നതായി കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ 2298 പോളിംഗ് സ്‌റ്റേഷനുകളും 1560 ഓക്‌സിലറി പോളിംഗ് സ്‌റ്റേഷനുകളും ഉള്‍പ്പെടെ 3858 വോട്ടിങ് കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. 4700 ബാലറ്റ് യൂണിറ്റുകള്‍, 5275 കണ്‍ട്രോള്‍ യൂണിറ്റുകള്‍, 5670 വി വി പാറ്റ് മെഷീനുകള്‍ എന്നിവയുടെ ആദ്യ ഘട്ട പരിശോധന പൂര്‍ത്തിയാക്കി. തരംതിരിക്കലിന് ശേഷം പൊലീസ് സഹായത്തോടെ വിവിധ സ്‌ട്രോങ്ങ് റൂമികളിലേക്ക് മാറ്റും. ഫെബ്രുവരി 26 ന് പെരുമാറ്റചട്ടം നിലവില്‍ വന്നതോടെ പൊതുസ്ഥലങ്ങളില്‍ യോഗം ചേരുന്നത് ഒഴിവാക്കി. ജില്ലാ ഭരണകൂടം പ്രത്യേകം സജ്ജമാക്കിയ മുന്‍ നിര്‍ണയിക്കപ്പെട്ട സ്ഥലങ്ങളില്‍ മുന്‍കൂട്ടി അനുമതി വാങ്ങിയതിന് ശേഷം മാത്രമേ പൊതു യോഗങ്ങള്‍ അനുവദിക്കൂ. ഇതിനായി സുവിധ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാം. ജാഥകള്‍, യോഗങ്ങള്‍ എന്നിവ ഈ ആപ്പിലൂടെ മുന്‍കൂര്‍ ബുക്ക് ചെയ്യാം. പൊലീസുമായി ബന്ധപ്പെട്ട് ആദ്യം ബുക്ക് ചെയ്യുന്ന മുറയ്ക്ക് ഇവ അനുവദിക്കും. സ്ഥാനാര്‍ത്ഥികളുടെ വിവിധ ലൈസന്‍സുകള്‍, മറ്റ് നിയമപരമായ അനുമതി ലഭിക്കല്‍ എന്നിവക്കും ഈ ആപ്പ് ഉപയോഗപ്പെടുത്താം.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ സി വിജില്‍ ആപ്പിലൂടെ അറിയിക്കാം. ഈ ആപ്പിന്റെ ഉപയോഗം പരമാവധി ഉറപ്പാക്കണം. ഇത് വഴി അയയ്ക്കുന്ന പരാതികള്‍ക്ക് 100 മിനിറ്റിനകം നടപടിയുണ്ടാകും. ആപ്പ് പ്ലേ സ്‌റ്റോറില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള വാക്‌സിനേഷന്‍ നല്‍കല്‍ 31% പൂര്‍ത്തിയായി. 26000 ഉദ്യോഗസ്ഥരെയാണ് ജില്ലയില്‍ തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചിട്ടുള്ളത്. വരുന്ന മൂന്ന് ദിവസങ്ങളില്‍ (5,6,7)സെന്റ് തോമസ് കോളേജില്‍ പ്രത്യേക വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് രാമവര്‍മ്മപുരം എ ആര്‍ ക്യാമ്ബിലും ഈ ദിവസങ്ങളില്‍ വാക്‌സിന്‍ നല്‍കും.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി ഓരോ ബൂത്തിലും 1000 വോട്ടര്‍മാരില്‍ അധികരിക്കാതെ സംവിധാനം ഏര്‍പ്പെടുത്തും. ഇതിന്റെ ഭാഗമായി 1000 വോട്ടര്‍മാരില്‍ കൂടുതലുള്ള ബൂത്തുകളെ രണ്ടായി വിഭജിച്ച് സമീപത്ത് ഓക്‌സിലറിബൂത്ത് സ്ഥാപിക്കും.
ആദിവാസി മേഖലയില്‍ നിന്നുള്ള 100% പോളിംഗ് ഉറപ്പാക്കും. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന്റെയും സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിന്റെ പ്രാധാന്യവും ഇവരില്‍ എത്തിക്കുന്നതിന് ആവശ്യമായ ബോധവല്‍ക്കരണം ഈ മേഖലയില്‍ നടത്തി വരുന്നതായും ജില്ലാ കലക്ടര്‍ അറിയിച്ചു. സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ആദിത്യ, റൂറല്‍ എസ് പി ജി പൂങ്കുഴലി തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.