കേരളം
‘താലി മാത്രം മതി’; വധുവിന്റെ വീട്ടുകാർക്ക് 50 പവൻ സ്വർണം തിരിച്ചു നൽകി വരൻ മാതൃകയായി
സ്ത്രീധനത്തിന്റെ പേരിൽ പെൺകുട്ടികൾ ജീനൊടുക്കേണ്ടി വരുന്ന ഇന്നത്തെ കാലത്ത് മാതൃകയാകുകയാണ് ഒരു യുവാവ്. വിവാഹത്തിന് പിന്നാലെ വധുവിന്റെ താലി ഒഴികെ മറ്റ് എല്ലാ ആഭരണങ്ങളും വധുവിന്റെ വീട്ടുകാർക്ക് തന്നെ മടക്കി നൽകി. ‘ഞങ്ങൾക്ക് താലി മാത്രം മതി, നിനക്കു വേണമെങ്കിൽ കയ്യിലെ വള കൂടി എടുക്കാം’, സതീഷിന്റെ വാക്കുകൾ ശ്രുതിക്കും സമ്മതമായിരുന്നു. പിന്നെ വൈകിയില്ല, ശ്രുതിയെ അണിയിച്ചിരുന്ന 50 പവൻ സ്വർണം സതീഷും അച്ഛനും ചേർന്ന് വധുവിന്റെ വീട്ടുകാർക്ക് തിരിച്ചു നൽകി.
സ്ത്രീധനത്തിന്റെ പേരിൽ പെൺകുട്ടികളുടെ ജീവൻ നഷ്ടപ്പെടുന്ന വാർത്തകൾ കേൾക്കുന്നതിന് ഇടയിലാണ് സതീഷ് സത്യന്റേയും ശ്രുതി രാജിന്റേയും വിവാഹം മാതൃകയാവുന്നത്. വ്യാഴാഴ്ച പണയിൽ ദേവീക്ഷേത്രത്തിലാണു ഇവരുടെ വിവാഹം നടന്നത്. സ്വർണാഭരണങ്ങൾ അണിഞ്ഞാണ് ശ്രുതി എത്തിയത്. എന്നാൽ വിവാഹശേഷം സമ്മാനമായി നൽകിയ സ്വർണം എസ്എൻഡിപി ശാഖായോഗം ഭാരവാഹികളുടെ സാന്നിധ്യത്തിൽ വധുവിന്റെ മാതാപിതാക്കൾക്കു കൈമാറുകയായിരുന്നു.
നാദസ്വര കലാകാരനാണ് 28 കാരനായ സതീഷ്. അമ്പലത്തിലും വിവാഹ ചടങ്ങുകളിലും നാദസ്വരം വായിക്കുന്ന വരുമാനത്തിലാണ് ജീവിക്കുന്നത്. നൂറനാട് പള്ളിക്കൽ ഹരിഹരാലയത്തിൽ കെ.വി. സത്യൻ- ജി. സരസ്വതി ദമ്പതിമാരുടെ മകനാണ് സതീഷ്. ഒരു സഹോദരിയുമുണ്ട്.
നൂറനാട് പണയിൽ ഹരിമംഗലത്ത് പടീറ്റതിൽ ആർ. രാജേന്ദ്രൻ-പി. ഷീല ദമ്പതിമാരുടെ മകളാണ് ശ്രുതി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുനടന്ന വിവാഹത്തിൽ വരന്റെയും വധുവിന്റെയും ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണു പങ്കെടുത്തത്.