കേരളം
ബ്രൂവറി അഴിമതി: വിജിലൻസ് കോടതി നടപടികൾ റദ്ദാക്കണമെന്നാണാവശ്യപ്പെട്ട് എക്സൈസ് ഹൈക്കോടതിയിൽ
ബ്രൂവറി അഴിമതി കേസിൽ തിരുവനന്തപുരം വിജിലൻസ് കോടതി നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എക്സൈസ് ഉദ്യോഗസ്ഥർ ഹൈക്കോടതിയെ സമീപിച്ചു. ഫയലുകൾ ഹാജരാക്കാനുള്ള വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നും എക്സൈസ് ആവശ്യപ്പെട്ടു. ഹർജി ഹൈക്കോടതി അടുത്ത ദിവസം പരിഗണിച്ചേക്കും.
ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് ഡിസ്റ്റിലറിയും ബ്രൂവറിയും അനുവദിച്ചതിൽ അഴിമതിയുണ്ടെന്ന് ആരോപിച്ചാണ് അന്ന് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല വിജിലൻസ് കോടതി മുൻപാകെ ഹർജി സമർപ്പിച്ചിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ എക്സൈസ് വകുപ്പു മന്ത്രിയായിരുന്ന ടി.പി. രാമകൃഷ്ണൻ എന്നിവർക്കെതിരെയാണ് രമേശ് ചെന്നിത്തല ഹർജി നൽകിയിരുന്നത്. ബ്രൂവറി അനുമതിയിൽ വിജിലൻസ് അന്വേഷണം വേണമെന്ന അപേക്ഷ ഗവർണർ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഹർജിയുമായി രമേശ് ചെന്നിത്തല കോടതിയെ സമീപിച്ചത്.