വിനോദം
മമ്മൂട്ടി ഇനി കുഞ്ചമണ്‍ പോറ്റിയല്ല, ‘കൊടുമോൺ പോറ്റി’; കഥാപാത്രത്തിന്റെ പേര് തിരുത്തി ഭ്രമയുഗം ടീം
മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് കുഞ്ചമൺ പോറ്റിയിൽ നിന്നും കൊടുമോൺ പോറ്റിയാക്കി തിരുത്തി ‘ഭ്രമയുഗം’ സിനിമയിലെ അണിയറ പ്രവർത്തകർ. നിയമക്കുരുക്കില്‍ പെട്ടതോടെയാണ് നടപടി. സിനിമയുടേതായി യൂട്യൂബിൽ പുറത്തിറങ്ങിയ വിഡിയോകളില്‍ നിന്നടക്കം പേര് നീക്കം ചെയ്തിട്ടുണ്ട്. ഫെബ്രുവരി 15ന് തിയേറ്ററുകളിലെത്തുന്ന സിനിമയിൽ നിന്നും പേരു മാറ്റുന്നതിനായി സെൻസര്‍ ബോർഡിന് അപേക്ഷ നൽകി.
‘കുഞ്ചമൺ പോറ്റി തീം’ എന്ന ഗാനത്തിന് ‘കൊടുമോണ്‍ പോറ്റി തീം’ എന്ന പേരാണ് യൂട്യൂബില്‍ എഡിറ്റ് ചെയ്ത് മാറ്റിയിരിക്കുന്നത്. ഗാനത്തിന്റെ പോസ്റ്ററിലെ കുഞ്ചമൺ പോറ്റി തീം എന്ന വരികളിലെ കുഞ്ചമന്‍ മായ്ച്ച് കളഞ്ഞിട്ടുണ്ട്. ഇപ്പോള്‍ പോറ്റി തീം എന്ന് മാത്രമാണ് പോസ്റ്ററിലുള്ളത്. ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയതിന് തൊട്ടുപിന്നാലെയാണ് അണിയറപ്രവര്‍ത്തകര്‍ യൂട്യൂബില്‍ തിരുത്ത് വരുത്തിയിരിക്കുന്നത്.
‘ഭ്രമയുഗ’ത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് പിൻവലിക്കണമെന്ന ആവശ്യവുമായി കോട്ടയം ജില്ലയിലെ പുഞ്ചമൺ ഇല്ലക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന ‘കുഞ്ചമൺ പോറ്റി’ അല്ലെങ്കിൽ ‘പുഞ്ചമൺ പോറ്റി’ എന്നത് തങ്ങളുടെ കുടുംബപ്പേരും സ്ഥാനപ്പേരുമാണെന്നും സിനിമയിലെ കഥാപാത്രം ദുര്‍മന്ത്രവാദങ്ങളും മറ്റും ചെയ്യുന്നതായി കാണിച്ചിരിക്കുന്നത് തങ്ങളുടെ കുടുംബത്തിന്റെ സത്‍കീർത്തിയെ ബാധിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി.
കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതീഹ്യമാലയിൽ പുഞ്ചമൺ ഇല്ലക്കാരെക്കുറിച്ചു പ്രതിപാദിച്ചിട്ടുണ്ടെന്നും തങ്ങൾ പരമ്പരാഗതമായി മന്ത്രവാദം ചെയ്യുന്നവരാണെന്നും ഹർജിയിൽ പറയുന്നു. ഭ്രമയുഗം എന്ന ചിത്രവുമായി ബന്ധപ്പെട്ട് പുറത്തു വന്നിരിക്കുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത് ഇത് ഐതീഹ്യമാലയില്‍ നിന്ന് എടുത്തിട്ടുള്ള തങ്ങളുടെ കഥയാണ് എന്നാണ്.
ഈ കഥയിലെ നായകനായ ‘കുഞ്ചമൺ പോറ്റി’ എന്നു വിളിക്കുന്ന കഥാപാത്രം ദുർമന്ത്രവാദവും മറ്റും ചെയ്യുന്ന ആളാണ്. ഇത് കുടുംബത്തിന് സമൂഹത്തിന്റെ മുന്നിൽ ചീത്തപ്പേര് വരുത്തി വയ്ക്കും. പ്രത്യേകിച്ച് മമ്മൂട്ടിയെപ്പോലൊരു നടന്‍ അഭിനയിക്കുന്ന ചിത്രം ഒരുപാട് പേരെ സ്വാധീനിക്കും എന്നിരിക്കെ. ചിത്രത്തിന്റെ സംവിധായകനോ അണിയറക്കാരോ തങ്ങളോട് ഇതു സംബന്ധിച്ച് ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ലെന്നും ഹർജിയില്‍ പറയുന്നു.
ഇത്തരമൊരു ചിത്രീകരണം കുടുംബത്തെ മനഃപൂര്‍വം താറടിക്കാനും സമൂഹത്തിനു മുൻപാകെ മാനം കെടുത്താനുമാണെന്ന് ഭയപ്പെടുന്നു. ചിത്രത്തില്‍ തങ്ങളുടെ കുടുംബവുമായി ബന്ധപ്പെട്ട പേരോ പരാമര്‍ശങ്ങളോ നീക്കണമെന്നും ഹർജിയില്‍ ആവശ്യപ്പെടുന്നു.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!