കേരളം
ചരിത്രപരമായ തീരുമാനത്തിലേക്ക് കലാമണ്ഡലം; മോഹിനിയാട്ടം ആൺകുട്ടികള്‍ക്കും പഠിക്കാം
ചരിത്ര തീരുമാനത്തിലേക്ക് കലാമണ്ഡലം. കലാമണ്ഡലത്തിൽ മോഹിനിയാട്ടം പഠിക്കാൻ ഇനി ആൺകുട്ടികൾക്കും പ്രവേശനം ലഭിക്കും. ഇന്നത്തെ ഭരണ സമിതി യോഗത്തിലാണ് നിർണായക തീരുമാനം ഉണ്ടായിരിക്കുന്നത്. ലിംഗ ഭേദമെന്യേ കലാമണ്ഡലത്തിൽ എല്ലാവർക്കും പ്രവേശനം നൽകുമെന്ന് ഭരണസമിതി അറിയിച്ചു.
വിഷയത്തിൽ ഐക്യകണ്ഠേനയാണ് തീരുമാനമുണ്ടായത്. ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും തീയറ്റർ ആന്റ് പെർഫോമൻസ് മേക്കിങ്ങിലും കോഴ്സുകളാരംഭിക്കും. കരിക്കുലം കമ്മറ്റിയാണ് പാഠ്യപദ്ധതി തീരുമാനിക്കുക. ചരിത്രമുഹൂർത്തം എന്നാണ് നീനാപ്രസാദും ക്ഷേമാവതിയും തീരുമാനത്തെ വിശേഷിപ്പിച്ചത്.
വിദഗ്ധരടങ്ങുന്ന കമ്മിറ്റി കരിക്കുലം തീരുമാനിക്കും. ജെൻട്രൽ ന്യൂട്രലായ അക്കാദമിക സ്ഥാപനമായി കലാമണ്ഡലം നിലനിൽക്കാനാണ് ആഗ്രഹം, അതിനാല്‍ ആൺകുട്ടികൾക്കും പ്രവേശനം അനുവദിക്കുമെന്നും വൈസ് ചാൻസിലർ അറിയിച്ചു. ജാതി, ലിംഗ അധിഷേപം ഏറ്റുവാങ്ങേണ്ടിവന്ന മോഹിനിയാട്ടം നർത്തകൻ ആര്‍എല്‍വി രാമകൃഷ്ണന് കൂത്തമ്പലത്തിൽ അവസരം ഒരുങ്ങിയതിന് തൊട്ടടുത്ത ദിവസം തന്നെയാണ് ഇങ്ങനെയൊരു ചരിത്ര തീരുമാനത്തിലേക്ക് കലാമണ്ഡലം എത്തുന്നത്.