കേരളം
ബേപ്പൂരില്‍ നിന്ന് ഒരു മാസം മുന്‍പ് പോയ ബോട്ട് കാണാനില്ല; കുടുംബങ്ങളുടെ കാത്തിരിപ്പ് നീളുന്നു
ഒരു മാസം മുന്‍പ് ബേപ്പൂരില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ട് ഇതുവരെ കണ്ടെത്താനായില്ല. 16 തൊഴിലാളികളുമായി ബേപ്പൂരില്‍ നിന്ന് പുറപ്പെട്ട അജ്മീര്‍ ഷാ എന്ന ബോട്ടാണ് കാണാതായത്. മെയ് 5നാണ് ബോട്ട് ബേപ്പൂരില്‍ നിന്നും പുറപ്പെട്ടത്.
മെയ് ആദ്യ വാരത്തില്‍ ടൗട്ടെ ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് കടലില്‍ പോയ ബോട്ടുകളെല്ലാം തിരികെ വന്നിരുന്നു. അന്ന് കടല്‍ക്ഷോഭത്തില്‍ പെട്ടുപോയവരെ കോസ്റ്റ് ഗാര്‍ഡാണ് കരയിലെത്തിച്ചത്. എന്നാല്‍ അജ്മീര്‍ ഷാ ബോട്ട് മാത്രം ഇതുവരെ തിരികെ എത്തിയില്ല.
തീരസംരക്ഷണ സേനയും നാവിക സേനയും വ്യാപകമായി തിരച്ചില്‍ നടത്തിയിട്ടും ബോട്ടിനെക്കുറിച്ചോ തൊഴിലാളികളെക്കുറിച്ചോ ഒരു വിവരവും ലഭിച്ചിട്ടില്ല.മത്സ്യബന്ധനം നടത്തി 15 ദിവസത്തിനകമാണ് ബോട്ട് തിരിച്ചെത്താറുള്ളത്.
ബോട്ടിലെ 16 തൊഴിലാളികളെ കുറിച്ച് ഇനിയും വിവരമൊന്നും ലഭിക്കാത്തതിനാല്‍ ഇവരുടെ കുടുംബങ്ങള്‍ ആശങ്കയിലാണ്. തമിഴ്‌നാട്ടില്‍ നിന്നുള്ള പന്ത്രണ്ട് പേരും ബംഗാളില്‍ നിന്നുള്ള നാല് പേരുമാണ് കാണാതായ ബോട്ടിലുള്ളത്. ഇതിനിടെ ബോട്ടിനെക്കുറിച്ച് സൂചന ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത് ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു.