കേരളം
ബ്ലാക്ക്ഫംഗസ് രോഗ ചികിത്സാ; കോഴിക്കോട് മെഡി. കോളേജിൽ ഏഴംഗ സമിതി രൂപീകരിച്ചു
ബ്ലാക്ക്ഫംഗസ് രോഗ ചികിത്സയുടെ ഏകോപനത്തിന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഏഴംഗ സമിതി രൂപീകരിച്ചു. മെഡിക്കൽ കോളേജ് സൂപ്രണ്ട് കൺവീനറായുള്ള സമിതിയാണിത്. എല്ലാ ദിവസവും സമിതി ചേർന്ന് സ്ഥിതി വിലയിരുത്തും.
വിവിധ ജില്ലകളിൽ നിന്നുള്ള ഒൻപത് പേരാണ് ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. രോഗ ബാധിതകർ കൂടിയാൽ പ്രത്യേക വാർഡ് തുറക്കാനും തീരുമാനിച്ചിട്ടുണ്ട്.
അതേസമയം ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കുള്ള മരുന്ന് ലഭ്യമാകാത്ത അവസ്ഥയാണുള്ളത്. ദിവസവും ഒരു രോഗിക്ക് ആറ് വയൽ മരുന്ന് വേണം. എന്നാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇപ്പോൾ സ്റ്റോക്കുള്ളത് പത്ത് വയൽ മരുന്ന് മാത്രമാണ്. കൂടുതൽ മരുന്ന് എത്തിക്കാനുള്ള ശ്രമം തുടരുന്നുവെന്നാണ് അധികൃതർ പറയുന്നത്.
അതേ സമയം ബ്ലാക്ക് ഫംഗസ് രോഗലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന രോഗി മരിച്ചു. പാലക്കാട് സ്വദേശി ഹംസയാണ് മരിച്ചത്. 56 വയസായിരുന്നു.
ബ്ലാക്ക് ഫംഗസ് ആണോയെന്ന് സ്ഥിരീകരിക്കാന്‍ സ്രവം പരിശോധനക്കയച്ചിട്ടുണ്ട്. ഇന്നലെയാണ് ഗുരുതരാവസ്ഥയില്‍ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് നടത്തിയ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. കടുത്ത പ്രമേഹരോഗ ബാധിതന് കൂടിയായിരുന്നു ഹംസ.