കേരളം
ബിനീഷ് കോടിയേരി നാലുദിവസത്തേക്ക് ഇഡിയുടെ കസ്റ്റഡിയില്‍
ബിനീഷ് കോടിയേരിയെ നാലുദിവത്തേയ്ക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ വിട്ടു. ബംഗളൂരു സിറ്റി സിവില്‍ കോടതിയുടേതാണ് നടപടി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വാദങ്ങള്‍ അംഗീകരിച്ചാണ് കോടതിയുടെ നടപടിയുണ്ടായിരിക്കുന്നത്.
ബിനീഷ് കോടിയേരിയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കേണ്ടതുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ അറിയിച്ചു. ഇതിനായി നാലുദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്നായിരുന്നു ആവശ്യം. ഇത് കോടതി അംഗീകരിച്ചു. ഇതില്‍ ഒരു ദിവസം കോടതിയുടെ പ്രത്യേക അനുമതിയോടെ ലഹരിക്കടത്ത് കേസിലെ മുഖ്യപ്രതി അനൂപ് മുഹമ്മദിനെയും ഒപ്പമിരുത്തിയുള്ള ചോദ്യം ചെയ്യലുണ്ടാകും.
ബംഗളൂരു ലഹരിമരുന്ന് കേസിലാണ് ബിനീഷ് കോടിയേരിയെ ഇന്ന് അറസ്റ്റ് ചെയ്തത്. ബിനീഷിന്റെ നിര്‍ദേശ പ്രകാരം അനൂപ് മുഹമ്മദിന് അന്‍പത് ലക്ഷം രൂപ നല്‍കിയ ഇരുപത് പേരുടെ മൊഴിയുടെ കൂടി പശ്ചാത്തലത്തിലാണ് ഇന്ന് എന്‍ഫോഴ്സ്മെന്റ് അറസ്റ്റിലേക്ക് നീങ്ങിയത്. ഹോട്ടല്‍ ബിസിനസിലേക്ക് പണം നിക്ഷേപിക്കണമെന്ന് ബിനീഷ് ആവശ്യപ്പെട്ടത് പ്രകാരമാണ് പണം നിക്ഷേപിച്ചതെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മൂന്നര മണിക്കൂര്‍ ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ്.
ബിനീഷ് നല്‍കിയ പണം അനൂപ് ലഹരിക്കടത്തിന് ഉപയോഗപ്പെടുത്തിയോ എന്ന് വ്യക്തത വരുത്തുകയായിരുന്നു ലക്ഷ്യം.11 മണിയോടെയാണ് ഇ ഡി സോണല്‍ ഓഫീസില്‍ ബിനീഷ് ചോദ്യം ചെയ്യലിന് ഹാജരായത്. ഒക്ടോബര്‍ ആദ്യം നടത്തിയ ചോദ്യം ചെയ്യലില്‍ ചില പൊരുത്തക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്നായിരുന്നു വീണ്ടും ചോദ്യം ചെയ്തത്.