കേരളം
ബിനീഷ് കോടിയേരി ആശുപത്രി വിട്ടു
എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിനിടയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബിനീഷ് കോടിയേരി ആശുപത്രി വിട്ടു. അത്യാഹിത വിഭാഗത്തില്‍ രണ്ടര മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷമാണ് ബിനീഷ് ആശുപത്രി വിട്ടത്.
ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ബിനീഷിനെ സ്‌കാനിങ്ങിന് വിധേയനാക്കി. ഇതിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും ബിനീഷിനെ ഇ.ഡി ഓഫിസിലേക്ക് കൊണ്ടുപോകുക. ബീനീഷിന് ദീര്‍ഘനേരം ഇരുന്നതിനാലുള്ള നടുവേദനയാണെന്നാണ് ഇ.ഡി അധികൃതര്‍ വ്യക്തമക്കുന്നത്.
ബിനീഷിന് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നതിനാലാണ് മറ്റ് ആശുപത്രികളിലേക്ക് മാറ്റാതിരുന്നതെന്നാണ് വിവരം. ഇതിനിടയില്‍ ബിനീഷിന്റെ സഹോദരനും അഭിഭാഷകരും കാണാനുള്ള ശ്രമം നടത്തിയിരുന്നു. പക്ഷേ അവരെ അകത്തേക്ക് കടത്തിവിട്ടില്ല.
ബിനീഷിനെ ദേഹോപദ്രവം ഏല്‍പ്പിച്ചതായി അഭിഭാഷകര്‍ ആരോപിച്ചു. നാല് മണിയോടെയാണ് ചോദ്യം ചെയ്യലിനിടയില്‍ ബിനീഷിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നത്. തുടര്‍ന്ന് ഇ.ഡി ഉദ്യോഗസ്ഥര്‍ തന്നെയാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്.
ഇത് മൂന്നാം ദിവസമാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ ബിനീഷിനെ ചോദ്യം ചെയ്യുന്നത്. ഇന്നത്തെ ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ച് സ്റ്റേറ്റ്‌മെന്റുകളില്‍ ബിനീഷ് ഒപ്പുവെക്കേണ്ടതുണ്ട്. കസ്റ്റഡി കാലാവധി അവസാനിക്കുന്ന നാളെയും ചോദ്യം ചെയ്യല്‍ തുടരും. ഉച്ചയോടെ ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ച് കോടതിയിലേക്ക് കൊണ്ടുപോകാനാണ് ഇ.ഡി തീരുമാനിച്ചിരിക്കുന്നത്. ഇനി വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ സാധ്യതയില്ല.