കേരളം
‘ആറ് മാസം മുന്‍പ് നഷ്ടപ്പെട്ടത് തിരികെ’ ബിന്ദുവേച്ചിയാണ് സൂപ്പര്‍ താരം; അഭിനന്ദിച്ച് മന്ത്രി എംബി രാജേഷ്
ആറുമാസം മുൻപ് കാണാതായ സ്വർണ്ണവള കണ്ടെത്തി ഉടമയെ തിരിച്ചേൽപ്പിച്ച് ഹരിത കർമ്മ സേനാംഗം.പാലക്കാട് തൃക്കടീരി ആറ്റാശേരി സ്വദേശിയാണ് ബിന്ദുവാണ് ഡ്യൂട്ടിക്കിടെ കിട്ടിയ വള ഉടമക്ക് തിരികെ നൽകി മാതൃകയായത്. ബിന്ദുവിനെ അഭിനന്ദിച്ച് മന്ത്രി എം ബി രാജേഷ് ഇക്കാര്യം ഫേസ്ബുക്കിൽ കുറിച്ചു.
പാലക്കാട് തൃക്കടീരി ആറ്റാശേരി സ്വദേശിയായ ബിന്ദു എന്ന ഹരിത കര്‍മ്മ സേനാംഗത്തെ സൂപ്പര്‍ താരമെന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് മന്ത്രിയുടെ അഭിനന്ദനം. പ്രദേശത്തെ മുസ്തഫ എന്നയാളിന്റെ വീട്ടില്‍ നിന്ന് സേന പതിവുപോലെ പ്ലാസ്റ്റിക് ശേഖരിച്ചു.
അത് പരിശോധിച്ചപ്പോഴാണ് ഒന്നര പവന്റെ സ്വര്‍ണ വള കിട്ടിയതെന്നും അത് ഉടന്‍ തന്നെ ബിന്ദു മുസ്തഫയുടെ കുടുംബത്തെ ഏല്‍പ്പിക്കുകയായിരുന്നെന്ന് രാജേഷ് പറഞ്ഞു. ആഭരണം കാണാതായിട്ട് ആറുമാസം കഴിഞ്ഞിരുന്നെന്നും മാലിന്യത്തിനൊപ്പം വള ഉള്‍പ്പെട്ടത് മുസ്തഫയുടെ കുടുംബം ശ്രദ്ധിച്ചിരുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സത്യസന്ധതയുടെയും ആത്മാർത്ഥതയുടെയും പര്യായങ്ങളായി മാറുന്ന നമ്മുടെ ഹരിത കർമ്മ സേനാംഗങ്ങളുടെ ഇത്തരം കൃത്യങ്ങൾ പരിചയപ്പെടുത്തുന്നത് സന്തോഷവും അഭിമാനകരവുമാണെന്ന് മന്ത്രി കുറിച്ചു.
മന്ത്രി എം ബി രാജേഷിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം
ബിന്ദുവേച്ചിയാണ് ഇന്നത്തെ സൂപ്പർ താരം. ആറുമാസം മുൻപ് കാണാതായ, നഷ്ടപ്പെട്ടു എന്ന് കരുതി ഏവരും ഉപേക്ഷിച്ച സ്വർണ്ണവള കണ്ടെത്തി ഉടമയെ തിരിച്ചേൽപ്പിച്ചാണ് ബിന്ദുവേച്ചി നാടിന്റെ സ്റ്റാറായത്. പാലക്കാട് തൃക്കടീരി ആറ്റാശേരി സ്വദേശിയാണ് ബിന്ദു എന്ന ഈ ഹരിത കർമ്മ സേനാംഗം. മുസ്തഫ എന്നയാളിന്റെ വീട്ടിൽനിന്ന് ഹരിത കർമ്മസേന പതിവുപോലെ പ്ലാസ്റ്റിക് ശേഖരിച്ചു. പരിശോധിച്ചപ്പോഴാണ് ഒന്നര പവന്റെ സ്വർണവള കിട്ടിയത്. ഈ ആഭരണം കാണാതായിട്ട് ആറുമാസം കഴിഞ്ഞിരുന്നു. മാലിന്യത്തിനൊപ്പം ഇതുൾപ്പെട്ടത് വീട്ടുകാർ പോലും കണ്ടിരുന്നില്ല. എന്നാൽ ഇത് ശ്രദ്ധയിൽ പെട്ടയുടൻ തന്നെ ബിന്ദുവേച്ചി ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിക്കുകയായിരുന്നു. ബിന്ദുവേച്ചിയുടെ സ്വർണ്ണത്തിളക്കമുള്ള ഈ സത്യസന്ധതയെ തദ്ദേശ സ്വയം ഭരണ വകുപ്പിനും സർക്കാരിനും വേണ്ടി അഭിനന്ദിക്കുകയാണ്.
സത്യസന്ധതയുടെയും ആത്മാർത്ഥതയുടെയും പര്യായങ്ങളായി മാറുന്ന നമ്മുടെ ഹരിത കർമ്മ സേനാംഗങ്ങളുടെ ഇത്തരം കൃത്യങ്ങൾ പരിചയപ്പെടുത്തുന്നത് സന്തോഷവും അഭിമാനകരവുമാണ്. നാടിന്റെ സംരക്ഷകരാണ് ഹരിത കർമ്മ സേനക്കാരെന്ന് പറഞ്ഞാൽ പോലും അത് ഒട്ടും അധികമാകില്ല. മാലിന്യം ശേഖരിച്ച് മാത്രമല്ല, സത്യസന്ധതയുടെയും ആത്മാർത്ഥതയുടെയും മാത്‌ഋകയായിക്കൂടി അവർ നാടിന് മുതൽക്കൂട്ടാവുകയാണ്. നാടിന്റെ ഈ സംരക്ഷകരെ, ശുചിത്വ സൈന്യത്തെ നമുക്ക് ചേർത്തുപിടിക്കാം