കേരളം
ക്രമക്കേടിന്10 വര്‍ഷം വരെ ജയില്‍ശിക്ഷയും ഒരു കോടി രൂപ വരെ പിഴയും; ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ ബില്‍ ഇന്ന് ലോക്‌സഭയില്‍
ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ ലക്ഷ്യമിട്ടുള്ള ബില്‍ ഇന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ലോക്‌സഭയില്‍ അവതരിപ്പിക്കും. മത്സരപ്പരീക്ഷയിലെ ക്രമക്കേടിന് 10 വര്‍ഷം വരെ ജയില്‍ ശിക്ഷയും ഒരു കോടി രൂപ പിഴയും നിര്‍ദേശിക്കുന്ന ബില്‍ ആണ് അവതരിപ്പിക്കുന്നത്.
ചോദ്യപേപ്പര്‍ ചോര്‍ച്ച കേസുകളില്‍ കുറഞ്ഞത് മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കും. പരമാവധി അഞ്ചുവര്‍ഷം വരെ. സംഘടിത കുറ്റകൃത്യത്തിനാണ് പത്തുവര്‍ഷം വരെ തടവുശിക്ഷ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്.
യുപിഎസ് സി, എസ്എസ് സി, റെയില്‍വേ, നീറ്റ്, ജെഇഇ, തുടങ്ങിയ മത്സരപ്പരീക്ഷകളില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച തടയുക ലക്ഷ്യമിട്ടാണ് കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന പുതിയ ബില്‍. സര്‍വീസ് പ്രൊവൈഡര്‍ സ്ഥാപനങ്ങള്‍ ക്രമക്കേട് നടത്തിയാല്‍ ഒരു കോടി രൂപ വരെ പിഴയും ആനുപാതികമായ പരീക്ഷാ ചെലവ് വീണ്ടെടുക്കലും ശിക്ഷയായി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടാതെ സ്ഥാപനത്തെ പൊതുപരീക്ഷ നടത്തുന്നതില്‍ നിന്ന് നാല് വര്‍ഷത്തേക്ക് വിലക്കും. കുറ്റം ചെയ്തിട്ടുണ്ട് എന്ന് അന്വേഷണസംഘം തെളിയിക്കുന്ന പക്ഷമാണ് കടുത്ത നടപടി.
ബില്‍ അനുസരിച്ച് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് അല്ലെങ്കില്‍ അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ റാങ്കില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥനാണ് അന്വേഷണം നടത്തേണ്ടത്. അന്വേഷണം ഏതെങ്കിലും കേന്ദ്ര ഏജന്‍സിക്ക് കൈമാറാനും കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ടെന്നും ബില്ലില്‍ പറയുന്നു.