കേരളം
മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പത്തോളം ബൈക്കുൾ ഓടിച്ചുകയറ്റി; തിരുവനന്തപുരത്ത് വൻ സുരക്ഷാ വീഴ്ച
മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹന വ്യൂഹത്തിനിടയിലേക്കു ചെങ്കൊടിയുമായി പത്തോളം ബൈക്കുകൾ ഓടിച്ചുകയറ്റിയത് അങ്കലാപ്പ് സൃഷ്ടിച്ചു. നഗര മധ്യത്തിൽ തന്നെയാണ് സംഭവം. നഗരത്തിലെ ഒരു ഹോട്ടലിന്റെ പരസ്യ പ്രചാരണത്തിന് എത്തിയതായിരുന്നു ഈ ബൈക്കുകൾ.
ചുവന്ന കൊടി കണ്ടു സിപിഎം പ്രവർത്തകരോ, അഭിവാദ്യം അർപ്പിക്കാൻ എത്തിയവരോ ആണെന്നു കരുതി തടയാതിരുന്ന പൊലീസുകാർ ഇളിഭ്യരായി. സുരക്ഷാ വീഴ്ചയെന്ന പരാതിയും ഉയർന്നു. ഇന്നലെ 11.30ന് ജനറൽ ആശുപത്രി– എകെജി സെന്റർ റോഡിലായിരുന്നു സംഭവം. മുഖ്യമന്ത്രി അതു വഴി കടന്നു പോകുന്നതിനാൽ മറ്റു വാഹനങ്ങളെല്ലാം ഇവിടെ തടഞ്ഞിട്ടിരുന്നു.
അപ്പോഴാണു പത്തോളം ബൈക്കുകൾ ചീറിപ്പാഞ്ഞ് എത്തിയത്. പൊലീസ് ഈ ബൈക്കുകൾ കടത്തിവിട്ടു. മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹന വ്യൂഹത്തിൽ കടന്ന് അദ്ദേഹത്തിന്റെ കാറിനു തൊട്ടടുത്ത് എത്തിയപ്പോഴാണ് ഹോട്ടലിന്റെ പരസ്യക്കാരാണെന്നു പൊലീസ് തിരിച്ചറിഞ്ഞത്.
തുടർന്ന് എംഎൽഎ ഹോസ്റ്റലിനു മുൻപിൽ പൊലീസ് ജീപ്പ് കുറുകെയിട്ടു ബൈക്കുകാരെ തടഞ്ഞു നിർത്തി താക്കീതു നൽകിയ ശേഷം വിട്ടയച്ചു. ഹോട്ടലിന്റെ പ്രചാരണത്തിനായി മുൻകൂട്ടി അറിയിച്ചാണു ബൈക്ക് റാലി നടത്തിയതെന്നു സംഘാടകർ അറിയിച്ചു. സമയവും റൂട്ടും നേരത്തേ പരസ്യപ്പെടുത്തിയിരുന്നു. എന്നിട്ടും സിറ്റി സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ ഈ വിവരം അറിഞ്ഞില്ല.