കേരളം
‘നദികളിലെ ഏറ്റവും വലിയ പോരാട്ടം ഇത്തവണയും’: കൊച്ചി സ്വിമ്മതോണ്‍ അള്‍ട്രാ 21ന്
ഇന്ത്യന്‍ നദികളിലെ ഏറ്റവും വലിയ നീന്തല്‍ മത്സരമായ കൊച്ചി സ്വിമ്മതോണ്‍ അള്‍ട്രാ ഏപ്രില്‍ 21 ആലുവ പെരിയാറില്‍ നടക്കുമെന്ന് സംഘാടകര്‍. 700 ലധികം പേര്‍ പങ്കെടുക്കുന്ന സ്വിമ്മതോണ്‍, തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് സംഘടിപ്പിക്കുന്നത്. എറണാകുളം ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നീന്തല്‍ താരങ്ങളെ കൂടാതെ വിദേശീയരും മത്സരത്തില്‍ പങ്കെടുക്കും. പ്രായ പരിധി ഇല്ല. ചെന്നെയില്‍ നിന്നുള്ള 45 ഓട്ടിസം കുട്ടികള്‍ അടങ്ങുന്ന ടീം തുടര്‍ച്ചയായി മൂന്നാം വര്‍ഷവും പങ്കെടുക്കാന്‍ എത്തുന്നുണ്ട്. 2000 സിഡ്‌നി ഒളിംപ്യനായ നിഷ മില്ലറ്റ് നേതൃത്വം നല്‍കുന്ന ബംഗളൂരു നിഷ മില്ലറ്റ് സ്വിമ്മിങ് അക്കാദമിയുടെ 40 അംഗ സംഘവും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ദേശീയതലത്തില്‍ ഇതിനോടകം പ്രശസ്തി നേടിയ ‘കൊച്ചി സ്വിമ്മത്തോണ്‍ ഈ വര്‍ഷം ‘അള്‍ട്രാ’, പത്തു മൈല്‍ ദൂരം കൂടെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പത്തു മൈല്‍ കൂടാതെ, 10 കി.മീ, 6 കി.മീ, 2 കി.മീ എന്നിവയും, തുടക്കകാര്‍ക്കായി 400 മീറ്റര്‍ റിവര്‍ ക്രോസ്സിങ്ങും ചേര്‍ത്തിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
ആലുവ ബാങ്ക് ജംഗ്ഷന് സമീപമുള്ള കടത്തുകടവില്‍ നി്ന്ന് രാവിലെ അഞ്ചു മണി മുതല്‍ ഉച്ചക്ക് ഒന്നു വരെയാണ് മത്സരങ്ങള്‍ നടക്കുന്നത്. ഇതിനായി പെരിയാര്‍ അഡ്വവഞ്ചേഴ്‌സ് ക്ലബ്ബിന്റെ സഹകരണത്തോടെ 150 പേരടങ്ങുന്ന ക്രൂ സജ്ജരായിയിട്ടുണ്ട്. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീം കൂടാതെ പ്രത്യേക പരിശീലനം ലഭിച്ച കയാക്ക് ടീം, വഞ്ചികള്‍, റെസ്‌ക്യൂ ബോട്ട് എന്നിവയും സഹായത്തിനായി പ്രദേശത്തുണ്ടാകും. നീന്തല്‍ പ്രോത്സാഹിപ്പിക്കുക, മുങ്ങി മരണങ്ങള്‍ ഒഴിവാക്കുക, കേരളത്തില്‍ നിന്ന് ഒരു ഒളിമ്പ്യനെയെങ്കിലും കണ്ടെത്തുക, ആലുവയെ എക്കോ ടൂറിസം ആന്‍ഡ് ആഡ്വഞ്ചേഴ്‌സ് സ്‌പോട്‌സ് ആക്കി മാറ്റുക, പുഴകളും അതിലെ ജീവജാലങ്ങളെയും സംരക്ഷിക്കുക എന്ന ലക്ഷ്യങ്ങളോടെയാണ് പരിപാടി നടത്തുന്നത്.