കേരളം
സിപിഎം വിമര്‍ശനത്തിനു പിന്നാലെ രാഹുലിന്റെ യാത്രാ ഷെഡ്യൂളില്‍ മാറ്റം; യുപിയില്‍ പര്യടനം അഞ്ചു ദിവസം
സിപിഎം വിമര്‍ശനം ഉന്നയിക്കുകയും രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയാവുകയും ചെയ്തതിനു പിന്നാലെ, രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഉത്തര്‍പ്രദേശിലെ പര്യടനം അഞ്ചു ദിവസമായി നീട്ടി. കേരളത്തില്‍ 18 ദിവസം ചെലവഴിക്കുന്ന യാത്ര ബിജെപി ഭരിക്കുന്ന യുപിയില്‍ രണ്ടു ദിവസം മാത്രമേയുള്ളൂവെന്ന വിമര്‍ശനമാണ് സിപിഎം ഉന്നയിച്ചത്.
യുപിയില്‍ യാത്ര അഞ്ചു ദിവസമായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥിരീകരിച്ചതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സിപിഎം വിമര്‍ശനം ഉന്നയിക്കുന്നതിനു മുമ്പു തന്നെ യാത്ര പുനക്രമീച്ചിരുന്നുവെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
യുപിയില്‍ ആദ്യം തന്നെ അഞ്ചു ദിവസമാണ് പര്യടനം തീരുമാനിച്ചിരുന്നതെന്നും ഇപ്പോള്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും പാര്‍ട്ടി നേതാവ് ജയറാം രമേശ് പറഞ്ഞു. ആര്‍എസ്എസിനെയും ബിജെപിയെയും നേരിടുന്നതിനുള്ള അസാധാരണമായ മാര്‍ഗം എന്ന തലക്കെട്ടോടെ, യാത്രയെ വിമര്‍ശിച്ച് സിപിഎം ട്വീറ്റ് ചെയ്തിരുന്നു.