കേരളം
ടിപിആർ വർധന, എറണാകുളത്ത് ബെവ്‌കോ ഔട്ട് ലെറ്റുകളും ബാറുകളും കൂട്ടത്തോടെ അടച്ചു
കോവിഡ് കേസുകള്‍ വര്‍ധിച്ച്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നതോടെ എറണാകുളം ജില്ലയിലെ ബവ്റിജസ് ഔട്ട് ലെറ്റുകളും ബാറുകളും കൂട്ടത്തോടെ അടച്ചു. ലോക്ഡൗണ്‍ ഇളവുകള്‍ ബാധകമായ എ, ബി കാറ്റഗറിയില്‍ വരുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ മാത്രമേ മദ്യവില്‍പനശാലകള്‍ക്കു പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളൂ. കുറച്ചുദിവസങ്ങളായി ജില്ലയില്‍ കേസുകള്‍ കൂടുകയാണ്.
പല സ്ഥലങ്ങളിലും ടി.പി.ആര്‍ വര്‍ധിച്ച് എ, ബി കാറ്റഗറി സ്ഥലങ്ങള്‍ സി കാറ്റഗറിയിലേക്കു മാറി. ഇതോടെയാണ് മദ്യവില്‍പനശാലകള്‍ കൂട്ടത്തോടെ പൂട്ടേണ്ടിവന്നത്. ജില്ലയിലെ ബവ്റിജസ് കോര്‍പ്പറേഷന്റെ കീഴിലുള്ള 40 ഔട്‌ലെറ്റുകളില്‍ 32 എണ്ണവും പൂട്ടി.
ടി.പി.ആര്‍ ഉയര്‍ന്ന് സി കാറ്റഗറിയില്‍ എത്തിയതോടെ കൊച്ചി കോര്‍പറേഷനിലെ മുഴുവന്‍ ബവ്റിജസ്, കണ്‍സ്യൂമര്‍ഫെഡ് ഔട്‌ലെറ്റുകളും ബാറുകളും പൂട്ടി. ബവ്റിജസ് കോര്‍പറേഷനു 14 ഔട്‌ലെറ്റുകളും കണ്‍സ്യൂമര്‍ഫെഡിനു 4 ഔട്‌ലെറ്റുകളുമാണ് കൊച്ചി കോര്‍പറേഷനുള്ളില്‍ ഉള്ളത്.
ജില്ലയിലെ പുത്തന്‍കുരിശ്, കളമശേരി, രാമമംഗലം, ഇലഞ്ഞി, പിറവം, പോത്താനിക്കാട്, പട്ടിമറ്റം, നെടുമ്ബാശേരി എന്നീ ബവ്റിജസ് കോര്‍പറേഷന്‍ ഔട്‌ലെറ്റുകള്‍ മാത്രമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനു പുറമേ എ, ബി കാറ്റഗറിയിലെ ബാറുകള്‍ക്കും പ്രവര്‍ത്തിക്കാം.
തുറന്നിട്ടുള്ള ഷോപ്പുകളിലേക്കു മറ്റ് സ്ഥലങ്ങളില്‍നിന്ന് ആളുകള്‍ കൂട്ടത്തോടെ മദ്യം വാങ്ങാനെത്തുന്നത് അടുത്ത ദിവസം മുതല്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുക. അടച്ച ഷോപ്പുകളിലെ ജീവനക്കാരെ തുറന്ന സ്ഥലങ്ങളിലേക്ക് താല്‍ക്കാലികമായി നിയോഗിച്ച് തിരക്കു പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഷോപ്പുകളിലെ അസൗകര്യങ്ങള്‍ പരിമിതിയാകും. ശനിയും ഞായറും ലോക്ഡൗണായതിനാല്‍ തുറന്ന ഷോപ്പുകളില്‍ ഇന്ന് വന്‍തിരക്കുണ്ടാകാന്‍ സാധ്യതയുണ്ട്.