കേരളം
സംസ്ഥാനത്ത് ഐടി ഇതര സ്റ്റാര്‍ട്ടപ്പുകള്‍ക്കും ആനുകൂല്യങ്ങള്‍; മന്ത്രിസഭയുടെ അംഗീകാരം
കേരള സ്റ്റേറ്റ് സ്റ്റാര്‍ട്ടപ്പ് മിഷന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഐടി അനുബന്ധ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന വിവിധ ആനുകൂല്യങ്ങള്‍ ഐടി ഇതര സ്റ്റാര്‍ട്ടപ്പ് മേഖലകളിലേക്കു കൂടി വ്യാപിപ്പിക്കും. സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്ത സ്റ്റേറ്റ് യുണീക്ക് ഐഡിയുള്ള സ്റ്റാര്‍ട്ടപ്പുകളുടെ മൊബൈല്‍ ആപ്പുകള്‍, മറ്റ് സോഫ്റ്റ്വെയര് ഉല്പന്നങ്ങള് മുതലായ ഐടി അനുബന്ധ ഉല്പന്നങ്ങള്ക്കും സേവനങ്ങള്‍ക്കും നല്‍കിവരുന്ന ആനുകൂല്യങ്ങളാണ് ഐടി ഇതര മേഖലകള്‍ക്ക് കൂടി നല്‍കുക.
സ്റ്റോര്‍ പര്‍ച്ചേസ് വകുപ്പും ഇലക്ട്രോണിക്സും വിവര സാങ്കേതിക വകുപ്പും സംയുക്തമായി തയ്യാറാക്കുന്ന വ്യവസ്ഥയ്ക്കും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും അനുസൃതമായാണ് അനുവദിക്കുക. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളുടെ കാലാവധി സ്റ്റാര്‍ട്ടപ്പ് രജിസ്ട്രേഷന് തിയതി മുതല്‍ 3 വര്‍ഷമോ ഉല്പന്നത്തിന് സ്റ്റാര്‍ട്ടപ്പ് മിഷന് അംഗീകാരം നല്കിയ തിയതി മുതല്‍ 3 വര്‍ഷമോ ഏതാണ് ഒടുവില്‍ വരുന്നത് അത് നിശ്ചയിക്കും.
സ്റ്റേറ്റ് യുണീക്ക് ഐഡിയുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നുള്ള എല്ലാത്തരം ഉല്പന്നങ്ങളുടെയും സേവനങ്ങളുടെയും വാങ്ങലുകള്‍ക്കുള്ള ധനപരിധി 20 ലക്ഷം രൂപയില്‍ നിന്ന് 50 ലക്ഷം രൂപയായി ഉയര്‍ത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സ്റ്റേറ്റ് യുണീക്ക് ഐഡിയുള്ള വിവിധ മേഖലകളിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലിമിറ്റഡ് ടെന്‍ഡറില്‍ പങ്കെടുക്കുന്നതിനുള്ള പരിധി 1 കോടി രൂപയില്‍ നിന്ന് 3 കോടി രൂപയായി ഉയര്‍ത്തും.