കേരളം
ബിലീവേഴ്‌സ് ചർച്ച് പണമിടപാട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുക. ബിലീവേഴ്‌സ് ചർച്ചിന് മറവിൽ കള്ളപ്പണ ഇടപാട് നടന്നതായി സംശയിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.
സ്ഥാപനങ്ങളിലെ റെയ്ഡില്‍ ഇതുവെര പതിമൂന്ന് കോടിയുടെ കള്ളപ്പണം കണ്ടെത്തിയെന്ന് ആദായ നികുതി വകുപ്പ്. തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ രണ്ട് കോടി രൂപയുടെ നിരോധിച്ച നോട്ടുകളും ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. വന്‍തോതില്‍ വിദേശ സഹായം കൈപ്പറ്റി വകമാറ്റിയതായി കണ്ടെത്തിയതോടെ ബിലീവേഴ്‌സ് ചര്‍ച്ചിന്റെ വിവിധ കേന്ദ്രങ്ങളില്‍ പരിശോധന തുടരാന്‍ തന്നെയാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. ബിലീവേഴ്‌സ് ചർച്ചിന്റെ ഭൂമി ഇടപാടുകളെ സംബന്ധിച്ചും അന്വേഷണം നടക്കും. ആദായ നികുതി വകുപ്പിൽ നിന്നും ഇ.ഡി ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചു.
ബിലീവേഴ്‌സ് ചർച്ച് ചാരിറ്റിക്ക് എത്തിയ പണം റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപിച്ചതായി ആധായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. 6000 കോടിയോളം രൂപയാണ് റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപിച്ചിരിക്കുന്നത്. രാഷ്ട്രീയ നേതാക്കൾക്കും സാമ്പത്തിക സഹായം നൽകിയതായി അധികൃതർ കണ്ടെത്തി. രാഷ്ട്രീയ നേതാക്കളുടെ ചികിത്സാ ചെലവ് വഹിച്ച രേഖകളും റെയ്ഡിൽ ലഭിച്ചു.
കഴിഞ്ഞ ദിവസമാണ് തിരുവല്ലയിലെ ബിലീവേഴ്‌സ് ചർച്ച് സ്ഥാപനങ്ങളിൽ റെയ്ഡ് ആരംഭിച്ചത്. ബിഷപ്പ് കെ പി യോഹന്നാന്റെ വീട്ടിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടക്കുന്നത്. ആദായ നികുതി വകുപ്പിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും റെയ്ഡ് നടത്തുന്ന സംഘത്തിൽ ഉൾപ്പെടുന്നു.
കൂടുതല്‍ കേന്ദ്ര ഏജന്‍സികളും അന്വേഷണത്തിന്റെ ഭാഗമാകുമെന്നാണ് സൂചന.