കേരളം
നിരോധിത പ്ലാസ്റ്റിക്ക് ക്യാരി ബാഗുകളും ഉൽപ്പന്നങ്ങളും; കര്‍ശന നടപടിക്ക് മുഖ്യമന്ത്രിയുടെ നിർദേശം
സംസ്ഥാനത്ത് നിരോധിത പ്ലാസ്റ്റിക്ക് ക്യാരി ബാഗുകളും ഉൽപ്പന്നങ്ങളും ഉപയോഗിക്കുന്നവർക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനം എടുത്തത്.
ആമയിഴഞ്ചാൻ തോടിലെ മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട് വിളിച്ച യോഗത്തിലായിരുന്നു തീരുമാനം. നഗരത്തിലെ മാലിന്യ പ്രശ്നം പരിഹിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനും സുഗമമായ നടത്തിപ്പിനും ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ടിലെ വകുപ്പുകൾ ഉപയോഗപ്പെടുത്താന്‍ യോഗത്തില്‍ തീരുമാനമായി.
ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ സബ് കളക്ടറെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള സ്പെഷ്യൽ ഓഫീസറായി ചുമതലപ്പെടുത്തും. മേജർ ഇറിഗേഷൻ, കോർപ്പറേഷൻ, റെയിൽവേ എന്നീ മൂന്ന് വിഭാഗങ്ങളുടെയും ഏകോപനം ഉറപ്പാക്കും. നിരോധിത പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ നിരുത്സാഹപ്പെടുത്താൻ കർശന നടപടിയെടുക്കാനും യോഗത്തില്‍ തീരുമാനമായി.
പൊതുനിരത്തിലും ജലാശയത്തിലും മാലിന്യം നിക്ഷേപിക്കുന്ന വാഹനങ്ങളുടെ രജിട്രേഷൻ റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കും. ആമയിഴഞ്ചാൻ രക്ഷാദൗത്യത്തിൽ സാഹസികമായി പങ്കെടുത്തവരെ പ്രത്യേകിച്ച് സ്കൂബ ടീമിനെ മുഖ്യമന്ത്രി യോഗത്തില്‍ അഭിനന്ദിച്ചു.
സാംക്രമിക രോഗങ്ങൾ തടയാൻ മാലിന്യ നീക്കം പ്രധാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ ദിവസവും ശാസ്ത്രീയമായ മാലിന്യ സംസ്ക്കരണം റെയിൽവേ ഉറപ്പ് വരുത്തണം. തമ്പാനൂർ റെയിൽവേ സ്റ്റേഷനിലൂടെ ഒഴുകുന്ന 130 മീറ്റർ നീളമുള്ള ടണൽ ശുചീകരിക്കണമെന്ന് ഇന്ത്യൻ റെയിൽവേയോട് നിർദ്ദേശിച്ചു. ട്രയിനുകളിൽ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നുവെന്ന് ഉറപ്പാക്കാൻ റെയിൽവേ എഞ്ചിനീയറിംഗ് വിഭാഗം ആഴ്ചയിലൊരിക്കൽ പരിശോധന നടത്തണം.
ഓൺലൈനായി ചേർന്ന യോഗത്തിൽ തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, തൊഴിൽ, ഭക്ഷ്യം, കായികം -റെയിൽവേ, ആരോഗ്യം, ജലവിഭവം വകുപ്പ് മന്ത്രിമാരും ബന്ധപ്പെട്ട എംഎൽഎമാരും തിരുവനന്തപുരം മേയറും പങ്കെടുത്തു. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും റെയിൽവേ ഡിവിഷണൽ മാനേജരും യോഗത്തിൽ പങ്കെടുത്തു.