കേരളം
ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹങ്ങൾ നടത്തുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു
ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ വിവാഹങ്ങൾ നടത്തുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. ക്ഷേത്രത്തിൽ ബുക്ക് ചെയ്തിട്ടുള്ള എല്ലാ വിവാഹങ്ങളും നടത്താൻ അനുമതിയായി. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ഓരോ വിവാഹസംഘത്തിലും 12 പേർക്ക് മാത്രം പങ്കെടുക്കാം.
ക്ഷേത്രത്തിൽ നാളെ 40 വിവാഹങ്ങളും ഞായറാഴ്ച 140 വിവാഹങ്ങളും ബുക്ക് ചെയ്തിട്ടുണ്ട്. വിവാഹങ്ങൾ നിർത്തി വച്ചതിനെതിരെ വ്യാപകമായ പരാതി ഉണ്ടായതിനെ തുടർന്നാണ് ജില്ല കലക്ടർ ഇന്നു രാവിലെ വിലക്ക് നീക്കിയത്. വിവാഹ സംഘങ്ങളുടെ കുടുംബങ്ങളുടെ ആശങ്കയ്ക്ക് ഇതോടെ പരിഹാരമായി.
അതേസമയം ആൾക്കൂട്ടവും ആരവങ്ങളുമില്ലാതെ ഈ വർഷത്തെ തൃശൂർ പൂരത്തിന് ഇന്ന് തുടക്കമായി. കൊവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രങ്ങളോടെയാണ് പൂരം നടത്തുന്നത്. ആൾക്കൂട്ടത്തെ പൂർണമായി ഒഴിവാക്കി. ജനങ്ങൾ വീടുകളിൽ ഇരുന്നും ടിവിയിലോ നവ മാധ്യമങ്ങളിലോ പൂരം കാണണമെന്നാണ് അധികൃതരുടെ നിർദേശം.
ഒരാനപ്പുറത്ത് എഴുന്നള്ളിച്ചാണ് ഇത്തവണ ഘടകപൂരങ്ങൾ എത്തുന്നത്. പൂരത്തിന് വേദിയാക്കുന്ന തേക്കിൻക്കാട് മൈതാനം കർശന പൊലീസ് നിയന്ത്രണത്തിൽ ആയിരിക്കും. 2000 പൊലീസുകാരെ സുരക്ഷക്കായി വിനിയോഗിച്ചിട്ടുണ്ട്. കുടമാറ്റവും എഴുന്നള്ളിപ്പും ഉൾപ്പെടെ ഉള്ള ചടങ്ങുകൾ ചുരുക്കിയാണ് നടത്തുന്നത്. ഇക്കുറി ഒരാനപ്പുറത്താണ് ഘടകപൂരങ്ങളെത്തുന്നത്.