കേരളം
മതപാഠശാലയിലെ പെൺകുട്ടിയുടെ ആത്മഹത്യ; ആൺസുഹൃത്ത് അറസ്റ്റിൽ
ബാലരാമപുരത്ത് മതപഠനശാലയിൽ ദുരൂഹസാഹചര്യത്തിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആൺസുഹൃത്ത് അറസ്റ്റിൽ. പൂന്തുറ സ്വദേശിയായ ഹാഷിം ഖാനെയാണ് പോക്സോ കുറ്റം ചുമത്തി അറസ്റ്റു ചെയ്തത്. മതപഠനശാലയിൽ എത്തുന്നതിന് മുൻപ് തന്നെ പെൺകുട്ടി പീഡനത്തിന് ഇരയായി എന്നാണ് ആരോപണം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് പെൺകുട്ടി പീഡനത്തിന് ഇരയായിരുന്നതായി വ്യക്തമായത്.
ഈ മാസം 13 നാണ് മതപഠനശാലയിൽ തൂങ്ങി മരിച്ച നിലയിൽ പെണ്‍കുട്ടിയെ കണ്ടെത്തുന്നത്. മതപഠനശാലയിലെ പീഡനമാണ് മരണകാരണമെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടർന്ന് ആത്മഹത്യ പ്രേരണക്കേസ് അന്വേഷിക്കുമ്പോഴാണ് നിർണായകമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നത്. മരിക്കുന്നതിന് ആറുമാസം മുമ്പെങ്കിലും പീഡിപ്പിക്കപ്പെട്ടുവെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. 17 കാരിയും 20കാരനായ ഹാഷിം ഖാനും അടുപ്പത്തിലായിരുന്നു.
പെണ്‍കുട്ടി മതപഠനശാലയിൽ എത്തുതിന് മുമ്പ് പീഡനത്തിന് ഇരയായി എന്ന നിഗമനത്തിലാണ് പൊലീസ്. തുടർന്നാണ് ഹാഷിം ഖാനെതിരെ പോക്സോ കേസ് എടുക്കുന്നത്. ആണ്‍സുഹൃത്തുമായുള്ള ബന്ധം വീട്ടുകാർ കണ്ടെത്തുകയും കുട്ടിയെ മതപഠനശാലയിലേക്ക് മാറ്റുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്.
പെൺകുട്ടി മാനസിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നും പൊലീസ് പറയുന്നുണ്ട്. പെൺകുട്ടിയുടെ മരണത്തിന് പോക്സോ കേസുമായി ബന്ധമുള്ളതായി തെളിവുകൾ ലഭിച്ചത്. മരണകാരണത്തിനായുള്ള അന്വേഷണം തുടരുമെന്നും പൊലീസ് പറഞ്ഞു.