കേരളം
സംസ്ഥാനത്ത് ബക്രീദ് അവധി മറ്റന്നാളത്തേക്കു മാറ്റി
സംസ്ഥാനത്ത് ബക്രീദ് അവധി ബുധനാഴ്ചയിലേക്കു മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കി. നാളെയായിരുന്നു നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നത്. സാങ്കേതിക കാരണങ്ങളാലാണ് അവധി മറ്റന്നാളത്തേക്ക് മാറ്റിയത്. 21ന് ആണ് സംസ്ഥാനത്ത് വലിയ പെരുന്നാള്‍. ബക്രീദ് പ്രമാണിച്ച് നിയന്ത്രണങ്ങൾക്ക് വിധേയമായി ഡി വിഭാഗത്തിലുള്ള പ്രദേശങ്ങളിലും ഇന്ന് കടകൾ തുറക്കും. ബക്രീദിനോടനുബന്ധിച്ച് സംസ്ഥാനത്ത് ലോക്ഡൗണില്‍ നൽകിയ ഇളവുകള്‍ ഒരു ദിവസം കൂടി തുടരും.
എ,ബി,സി വിഭാഗങ്ങളിലെ മേഖലകളില്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് പുറമെ തുണിക്കട, ചെരുപ്പുകട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണ്ണക്കട എന്നിവയും തുറക്കാം. രാത്രി എട്ട് മണിവരെയാണ് ഇവയ്ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി.എ, ബി വിഭാഗത്തില്‍പ്പെടുന്ന പ്രദേശങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നിലവില്‍ വരും. ഇലക്ട്രോണിക് ഷോപ്പുകളും ഇലക്ട്രോണിക് റിപ്പയർ ഷോപ്പുകളും വീട്ടുപകരണങ്ങൾ വിൽക്കുന്ന കടകളും തിങ്കൾ മുതൽ വെള്ളി വരെ രാവിലെ ഏഴ് മുതൽ രാത്രി എട്ട് വരെ പ്രവർത്തിക്കാൻ അനുവദിക്കും.
ബ്യൂട്ടിപാർലറുകളും ബാർബർഷോപ്പുകളും ഒരു ഡോസ് വാക്സിനെങ്കിലും എടുത്ത ജീവനക്കാരെ ഉൾപ്പെടുത്തി തുറന്നു പ്രവർത്തിക്കാനും അനുമതി നൽകിയിട്ടുണ്ട്. ഏറെക്കാലത്തിന് ശേഷം ഞായറാഴ്ചയിലെ ഇളവില്‍ സംസ്ഥാനത്ത് പലയിടങ്ങളിലും ചെറിയ തോതില്‍ തിരക്ക് പ്രകടമായിരുന്നു. അതേസമയം പൊതുജനം ഇളവുകളെ ജാഗ്രതയോടെ സമീപിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി.
അതേസമയം ലോക മുസ്ലിംങ്ങള്‍ ഒത്തുകൂടുന്ന ഹജ്ജിന്റെ സുപ്രധാന ചടങ്ങുകളിലൊന്നാണ് പ്രസിദ്ധമായ അറഫാ സംഗമം ഇന്നാണ്. സൗദിയില്‍ കഴിയുന്ന സ്വദേശികളും വിദേശികളുമായ 60,000 തീര്‍ഥാടകര്‍ മാത്രമാണ് ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തില്‍ പങ്കെടുക്കുന്നത്.