കേരളം
ബെയിലി പാലം ഡൽഹിയിൽ നിന്ന് വിമാനത്തിൽ; 17 ട്രക്കുകളിലായി വയനാട്ടിലെത്തിക്കും
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനായി നിർമിക്കുന്ന ബെയിലി പാലത്തിന്റെ ഭാഗങ്ങൾ എത്തുന്നത് ഡൽഹിയിൽ നിന്ന്. വ്യോമസേന വിമാനത്തിൽ ഇന്ന് രാവിലെ 11.30ഓടെ നിർമാണഭാഗങ്ങളും ഉപകരണങ്ങളും കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിക്കും.
കണ്ണൂർ പ്രതിരോധ സുരക്ഷാസേന (ഡി.എസ്.സി)യിലെ ക്യാപ്റ്റൻ പുരൻ സിങ് നഥാവത് ആണ് ഈ പ്രവർത്തനം ഏകോപിപ്പിക്കുക. 17 ട്രക്കുകളിലായി പാലം നിർമാണത്തിന്റെ സാമഗ്രികൾ വയനാട്ടിലേക്ക് എത്തിക്കും.
ചൂരല്‍മലയെയും മുണ്ടക്കൈയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഏകയാത്രാ മാർഗമായിരുന്ന പാലവും റോഡും മലവെള്ളപ്പാച്ചിലിൽ ഒലിച്ചു പോയിരുന്നു. ഇന്ന് രാവിലെ മുതൽ കുടുങ്ങി കിടക്കുന്നവരെ പാലത്തിലൂടെയും മൃതദേഹങ്ങൾ റോപ്പ് വഴിയും സൈന്യം മറുകരയിൽ എത്തിക്കുന്നുണ്ട്.
ഇന്നലെ താൽകാലിക പാലം നിർമിച്ചതോടെ രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ കഴിഞ്ഞിരുന്നു. അതീവ ദുഷ്കരമായ ലാന്‍ഡിങ് നടത്തി വ്യോമസേന ഹെലികോപ്റ്ററിൽ അടിയന്തര ചികിത്സ ആവശ്യമുള്ളവരെ എയര്‍ലിഫ്റ്റ് ചെയ്തിരുന്നു.
സൈന്യത്തിനൊപ്പം ടൊറിറ്റോറിയൽ ആർമിയും എന്‍.ഡി.ആര്.എഫും അഗ്നിശമന സേനയും ആരോഗ്യപ്രവർത്തകരും പൊലീസും നാട്ടുകാരും തിരച്ചിൽ പങ്കാളികളാകും.
നാല് സംഘങ്ങളായി 150 രക്ഷാപ്രവർത്തകരാണ് മുണ്ടക്കൈയിൽ തിരച്ചിൽ നടത്തുക. തകർന്ന വീടുകൾക്കുള്ളിൽ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുക. വീടിന്റെ മേൽക്കൂര പൊളിച്ച് ഉള്ളിൽ കയറിയാൽ മാത്രമേ ആളുകളെ കണ്ടെത്താനാവൂ. കാലാവസ്ഥ അനുകൂലമെങ്കിൽ ഹെലികോപ്റ്ററും എത്തിക്കും.