കേരളം
ട്വന്റി ഫോർ റിപ്പോർട്ടർ റൂബിൻലാലിന് ജാമ്യം
വനംവകുപ്പിന്റെ വ്യാജ പരാതിയില്‍ ജയിലിലായ ട്വന്റിഫോര്‍ അതിരപ്പള്ളി പ്രാദേശിക ലേഖകന്‍ റൂബിൻലാലിന് ജാമ്യം. പ്രാഥമികമായ വിവരങ്ങൾ മാത്രമാണ് ഇപ്പോൾ ഓപ്പൺ കോടതിയിൽ നിന്നും വന്നിരിക്കുന്നത്, ജസ്റ്റിസ് സി എസ് ഡയസിന്റെ സിംഗിൾ ബെഞ്ചാണ് റൂബിൻ ലാലിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. സാധാരണ ഗതിയിലുള്ള ജാവ്യവസ്ഥകൾ മാത്രമാണ് പറഞ്ഞിരിക്കുന്നത്, പ്രത്യേകം വ്യവസ്ഥകൾ ഒന്നും തന്നെയില്ല എന്നാണ് ലഭിക്കുന്ന വിവരം. പൂർണ്ണമായ വിധിപ്പകർപ്പ് വരുമ്പോൾ കാര്യങ്ങൾ വ്യക്തമാകും.
അറസ്റ്റിൽ വ്യാപകമായ പ്രതിഷേധം ഉയർന്നതോടെ കള്ളക്കേസിൽ കുടുക്കിയ CI ക്ക് എതിരെ കർശന നടപടിയുണ്ടായി. അതിരപ്പള്ളി CI ആൻഡ്രിക് ഗ്രോമിക്കിന് സസ്പെൻഷൻ. റൂബിൻ കേസ് അന്വേഷണം ക്രൈം ബ്രാഞ്ച് DYSP ക്കു മാറ്റിയിരുന്നു. റൂബിനെ നേരത്തെ കള്ള കേസിൽ കുടുക്കിയ സംഭവത്തിലും പുനരന്വേഷണം തുടങ്ങി. ഉത്തരമേഖല ഐജി കെ സേതുരാമന്റേതാണ് ഉത്തരവ്.
വനംവകുപ്പിന്റെ വ്യാജ പരാതിയില്‍ ട്വന്റിഫോര്‍ അതിരപ്പള്ളി പ്രാദേശിക ലേഖകന്‍ റൂബിന്‍ ലാലിനെ അര്‍ധരാത്രി വീട് വളഞ്ഞായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്. കാട്ടുപന്നി വാഹനം ഇടിച്ചു കിടക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ റൂബിന്‍ ലാലിനെ വനം ഉദ്യോഗസ്ഥര്‍ കയ്യേറ്റം ചെയ്തിരുന്നു. ഇതിന് പിന്നാലെ വനമന്ത്രി പ്രഖ്യാപിച്ച അന്വേഷണം അട്ടിമറിക്കുന്നതിനായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരാതി നല്‍കിയത്. റൂബിന്‍ ലാല്‍ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നായിരുന്നു പരാതി.
പ്രാദേശിക ലേഖകനെതിരെ പൊലീസ് കേസെടുത്ത സംഭവത്തില്‍ ലോക്കപ്പ് മര്‍ദനവും റൂബിൻ ലാൽ ആരോപിച്ചിരുന്നു. അതിരപ്പിള്ളി സിഐ ആന്‍ഡ്രിക് സ്റ്റേഷനില്‍ വച്ച് മര്‍ദിച്ചെന്ന് റൂബിന്‍ ലാല്‍ പറഞ്ഞു. രാത്രി മുതല്‍ റൂബിനെ അടിവസ്ത്രത്തിലാണ് നിര്‍ത്തിയത്. വനിതാ പൊലീസുകാരടക്കം ഡ്യൂട്ടി ചെയ്യുമ്പോഴും വസ്ത്രം നല്‍കിയില്ല. പിന്നീട് ഉന്നത പൊലീസുദ്യോഗസ്ഥര്‍ ഇടപെട്ടതോടെയാണ് വസ്ത്രം പോലും നല്‍കിയത്.