കേരളം
ആയുഷ്, അലോപ്പതി ഡോക്ടര്‍മാര്‍ക്കു തുല്യ ശമ്പളം
സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ആയുഷ് ഡോക്ടര്‍മാര്‍ക്ക് അലോപ്പതി ഡോക്ടര്‍മാര്‍ക്കു തുല്യമായ ശമ്പളത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രീം കോടതി. ശമ്പളത്തിലെ വിവേചനം ഭരണഘടനയുടെ പതിനാലാം അനുച്ഛേദപ്രകാരമുള്ള തുല്യതയുടെ ലംഘനമാണെന്ന് കോടതി വിലയിരുത്തി.
ആയുഷ് (ആയുര്‍വേദ, യോഗ, നാച്യുറോപ്പതി, യൂനാനി, സിദ്ധ, ഹോമിയോപ്പതി) ഡോക്ടര്‍മാര്‍ക്കും അലോപ്പതി ഡോക്ടര്‍മാര്‍ക്കും വ്യത്യസ്ത ശമ്പള സ്‌കെയില്‍ പ്രഖ്യാപിച്ച ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധി ശരിവച്ചാണ് സുപ്രീം കോടതി നടപടി. ഇരു വിഭാഗങ്ങള്‍ക്കുമിടയിലെ വിവേചനം പതിനാലാം അനുച്ഛേദത്തിന്റെ ലംഘനമാണെന്ന് ജസ്റ്റിസുമാരായ വിനീത് ശരണ്‍, ജെകെ മഹേശ്വരി എന്നിവര്‍ അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
ആയുഷ്, അലോപ്പതി ഡോക്ടര്‍മാര്‍ക്കു തുല്യ വേതനം നല്‍കണമെന്നു നിര്‍ദേശിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ആണ് സുപ്രീം കോടതിയെ സമീപിച്ചത്. 2012ല്‍ തുല്യവേതനം നല്‍കിയാണ് സംസ്ഥാനം ഇരു വിഭാഗത്തിലെയും ഡോക്ടര്‍മാരെ നിയമിച്ചത്. എന്നാല്‍ പിന്നീട് അലോപ്പതി ഡോക്ടര്‍മാരുടെ ശമ്പളം ഇരട്ടിയായി വര്‍ധിപ്പിച്ചു. അലോപ്പതി ഡോക്ടര്‍മാരുടെ ജോലി കൂടുതല്‍ പ്രാധാന്യമുള്ളതാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാര്‍ നടപടി. ഇരു വിഭാഗത്തിലുമുള്ള ഡോക്ടര്‍മാര്‍ അവരവരുടെ രീതി അനുസരിച്ച് രോഗികളെ ചികിത്സിക്കുകയാണെന്ന് കോടതി വിലയിരുത്തി.