കേരളം
സ്ത്രീ സുരക്ഷയെക്കുറിച്ച് വിദ്യാർത്ഥികൾക്കിടയിൽ ബോധവൽക്കരണം വ്യാപകമാക്കണം: വനിതാ കമ്മീഷൻ
സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടത്തി വരുന്ന ബോധവല്‍ക്കരണം വ്യാപകമാക്കണമെന്ന് സംസ്ഥാന വനിതാ കമ്മിഷന്. വിവാഹത്തിനു ശേഷമുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ വിവാഹപൂർവ കൗൺസിലിംഗ് നിർബന്ധമാക്കണമെന്നും കമ്മിഷന് അംഗങ്ങള്‍ ആവശ്യപ്പെട്ടു.
എറണാകുളം ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ നടത്തിയ ജില്ലാതല സിറ്റിംഗില്‍ പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന് അംഗങ്ങളായ വി.ആര് മഹിളാമണിയും അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായിയും. യുവജനതായ്ക്കിടയിൽ കുടുംബ പ്രശ്നങ്ങൾ വർധിച്ചുവരുന്നത് തടയാൻ താഴെത്തട്ടിൽ ബോധവത്കരണം നടത്തണം. കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരുടെ സേവനം ഇതിനായി ഉപയോഗപ്പെടുത്തണമെന്നും കമ്മിഷന് അംഗങ്ങള്‍ പറഞ്ഞു.
കുടുംബ പ്രശ്നങ്ങള്‍, മദ്യപാനം, അയല്‍ക്കാര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍, സാമ്പത്തിക ക്രമക്കേട്, സ്വകാര്യ സ്ഥാപനങ്ങളില്‍ സ്ത്രീ തൊഴിലാളികള്‍ വരുമാന സംബന്ധമായി നേരിടുന്ന വിവേചനം തുടങ്ങിയ പരാതികളാണ് അദാലത്തില്‍ പരിഗണനയ്ക്ക് എത്തിയത്. സിറ്റിംഗില്‍ 110 കേസുകളാണ് പരിഗണിച്ചത്. ഇതില്‍ 23 പരാതികള്‍ തീര്‍പ്പാക്കി. മൂന്ന് പരാതികള്‍ പൊലീസ് റിപ്പോര്‍ട്ടിനായി അയച്ചു. ശേഷിക്കുന്ന 84 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും.