കേരളം
ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് കൊടിയേറും
ആറ്റുകാല്‍ പൊങ്കാല മഹോത്സവം ഇന്ന് ആരംഭിക്കും. പത്തു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം രാവിലെ എട്ടിന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെയാണ് ഉത്സവം ആരംഭിക്കുന്നത്. കുംഭ മാസത്തിലെ പൂരം നാളായ 25 നാണ് ഭക്തര്‍ പൊങ്കാല സമര്‍പ്പിക്കുന്നത്. 27ന് ഉത്സവം അവസാനിക്കും.
വൈകീട്ട് ആറിന് ആരംഭിക്കുന്ന കലാപരിപാടികളുടെ ഉദ്ഘാടനം നടി അനുശ്രീ നിര്‍വഹിക്കും. ആറ്റുകാല്‍ അംബാ പുരസ്കാരം സാഹിത്യകാരന്‍ ജോര്‍ജ് ഓണക്കൂറിന് സമ്മാനിക്കും. 19 ന് രാവിലെ 9.30 ന് കുത്തിയോട്ട ബാലന്മാര്‍ക്കുള്ള വ്രതം ആരംഭിക്കും.
പൊങ്കാല മഹോത്സവ ദിവസമായ 25 ന് രാവിലെ 10.30 യ്ക്ക് അടുപ്പുവെട്ട്, ഉച്ചയ്ക്ക് 2.30 ന് പൊങ്കാല നിവേദ്യം, രാത്രി 7.30 യ്ക്ക് കുത്തിയോട്ട ബാലന്മാര്‍ക്കുള്ള ചൂരല്‍കുത്ത്, രാത്രി 11 ന് മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കുള്ള പുറത്തെഴുന്നള്ളത്ത് എന്നിവയാണ് അന്നത്തെ ചടങ്ങുകള്‍. 26 ന് രാവിലെ എട്ടുമണിക്ക് ദേവിയെ അകത്ത് എഴുന്നള്ളിക്കും. രാത്രി 9.45 ന് കാപ്പഴിക്കും. 12.30 ന് കുരുതി തര്‍പ്പണത്തോടെ ഉത്സവം സമാപിക്കും. പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചാണ് ഇത്തവണത്തെ പൊങ്കാല മഹോത്സവം.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!