കേരളം
പ്രവാസി വ്യവസായി അറ്റ്ലസ് രാമചന്ദ്രൻ അന്തരിച്ചു
പ്രവാസി വ്യാപാരിയും ചലച്ചിത്ര നിര്‍മാതാവുമായ അറ്റ്ലസ് രാമചന്ദ്രന്‍ അന്തരിച്ചു. 80 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച രാത്രിയാണ് മരണം. ശനിയാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ദുബായ് ആസ്റ്റര്‍ മന്‍ഖൂള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അറ്റ്ലസ് ഗ്രൂപ്പ് ചെയർമാൻ ആയിരുന്നു.
ഏറെനാളായി വാര്‍ധക്യസഹജമായ അസുഖങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. എങ്കിലും പുതിയ ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. കഴിഞ്ഞ ഓഗസ്റ്റില്‍ ദുബായിലെ വസതിയില്‍ സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്നാണ് എണ്‍പതാം പിറന്നാള്‍ ആഘോഷിച്ചത്. അന്ത്യകർമ്മങ്ങൾ തിങ്കളാഴ്ച വൈകീട്ട് ദുബായിൽ നടക്കും. തൃശൂര്‍ മുല്ലശ്ശേരി മധുക്കര സ്വദേശിയാണ്.
ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യവാക്കിലൂടെയാണ് അറ്റ്ലസ് രാമചന്ദ്രൻ മലയാളികളുടെ മനസിൽ ഇടം പിടിക്കുന്നത്. തൊട്ടതെല്ലാം പൊന്നാക്കിയ സ്വര്‍ണാഭരണ വ്യവസായി എന്ന നിലയില്‍ സുപ്രസിദ്ധനായിരുന്നു എം എം രാമചന്ദ്രന്‍. എന്നാൽ അതിനിടെ കടക്കെണിയിൽപ്പെട്ടതാണ് അദ്ദേഹത്തിന്റെ ജീവിതം മാറ്റിയത്. വിവിധ ബാങ്കുകളില്‍ നിന്നായി എടുത്ത 55 കോടിയിലേറെ ദിര്‍ഹത്തിന്‍റെ വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വന്നതിനേത്തുടര്‍ന്ന് 2015 ഓഗസ്റ്റില്‍ അറസ്റ്റിലായിരുന്നു.
ദുബായ് കോടതി അറ്റ്ലസ് രാമചന്ദ്രന് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. പ്രവാസികള്‍ക്കിടയിലെ മികച്ച സാംസ്കാരിക പ്രവര്‍ത്തകന്‍ കൂടിയായിരുന്നു അദ്ദേഹം. വൈശാലി വസ്തുഹാര സുകൃതം തുടങ്ങിയ സിനിമകൾ നിർമിച്ചു. അറബിക്കഥ, ഹരിഹർനഗർ ഉൾപ്പെടെ ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.