കേരളം
ഒൻപതാം ക്ലാസ് വരെ വിലയിരുത്തൽ; കുട്ടികൾക്ക് വർക്ക് ഷീറ്റ് നൽകും
എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ കൊവിഡ് മാനദണ്ഡം പാലിച്ച് നടത്തുന്നതിന് സ്കൂള്‍ തലം മുതല്‍ സംസ്ഥാനതലം വരെ ജാഗ്രതാ സമിതികള്‍ രൂപീകരിക്കും. ഒന്നു മുതല്‍ ഒന്‍പതു വരെ ക്ലാസുകളിലെ കുട്ടികള്‍ക്കായി നിരന്തര വിലയിരുത്തല്‍, സമഗ്ര വിലയിരുത്തല്‍ എന്നിവ വര്‍ക്ക്ഷീറ്റുകളുടെ അടിസ്ഥാനത്തില്‍ നടത്താനും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ക്യൂ.ഐ.പി മോണിറ്ററിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു.
ക്ലാസ് തലത്തിലും സ്കൂള്‍ തലത്തിലുമുള്ള എല്ലാ പി.ടി.എ യോഗങ്ങളും ഓണ്‍ലൈനായി വിളിച്ചു ചേര്‍ക്കണം.10,12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉത്തരക്കടലാസ് പരിശോധിക്കുന്നതിനും ചര്‍ച്ച ചെയ്യുന്നതിനും മാര്‍ച്ച് 10ന് സ്കൂളിലെത്താന്‍ അനുവദിക്കും. ശേഷം പൊതുപരീക്ഷയ്ക്ക് എത്തിയാല്‍ മതി. ഫോക്കസ് ഏരിയ സംബന്ധിച്ച് പ്രധാന വിഷയങ്ങളിലെ വര്‍ക്ക്‌ഷീറ്റുകള്‍ സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ തയ്യാറാക്കി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കും.
ഈ വര്‍ഷം ഡിജിറ്റല്‍ ക്ലാസുകള്‍ മാത്രം നടന്നതുകൊണ്ട് കുട്ടികള്‍ക്ക് അടുത്ത തലത്തിലേക്കുള്ള പാഠങ്ങള്‍ സുഗമമാക്കുന്നതിന് മേയ് മാസത്തില്‍ ബ്രിഡ്ജ് കോഴ്സുകള്‍ നടത്തുന്നത് പരിഗണനയിലാണ്. അദ്ധ്യാപകരുടെ പരീക്ഷാ ഡ്യൂട്ടി സംബന്ധമായ പരാതികള്‍ പരിഹരിക്കാനും, എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷകള്‍ സംബന്ധിച്ച വിജ്ഞാപനം ഉടന്‍ ഇറക്കാനും തീരുമാനിച്ചു.
ഓണ്‍ലൈനായി നടന്ന യോഗത്തില്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാന്‍, അഡീഷണല്‍ ഡയറക്ടര്‍മാരായ സി.എ. സന്തോഷ്, എം.കെ. ഷൈന്‍മോന്‍, സമഗ്രശിക്ഷാ കേരളയിലെ കെ.സുരേഷ്‌കുമാര്‍, അദ്ധ്യാപക സംഘടനാ നേതാക്കളായ കെ.സി.ഹരികൃഷ്ണന്‍, വി.കെ.അജിത്‌കുമാര്‍, എന്‍.ശ്രീകുമാര്‍, ടി.അനൂപ്‌കുമാര്‍, എം.കെ.ബിജു, എം.തമിമുദീന്‍, ഹരീഷ് കടവത്തൂര്‍ എന്നിവര്‍ പങ്കെടുത്തു.