കേരളം
നിയമസഭ തിരഞ്ഞെടുപ്പ് : ആലപ്പുഴജില്ലയില്‍ 2643 ബൂത്തുകള്‍
നിയമ സഭ തിരഞ്ഞെടുപ്പിന് സജ്ജമായി ജില്ലയിലെ 2643 ബൂത്തുകള്‍. നിലവിലുള്ള 1705 പോളിങ് ബൂത്തുകള്‍ക്ക് പുറമേ കോവിഡ് മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തില്‍ ആയിര ത്തിലധികം വോട്ടര്‍മാരുള്ള പോളിങ് ബൂത്തുകളിലായി 938അധിക പോളിങ് സ്റ്റേഷനുകള്‍ കൂടി ഇത്തവണ ഒരുക്കുന്നുണ്ട്. ജില്ലയില്‍ 28 ഇടങ്ങളില്‍ അധിക പോളിങ് ബൂത്തിന് കെട്ടിട സൗകര്യമില്ലാത്തതിനാല്‍ അവിടെ പ്രത്യേകം പോളിങ് ബൂത്തും സജ്ജമാക്കും. ഒരു ബൂത്തില്‍ 4 പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പുറമേ രണ്ടു ഉദ്യോഗസ്ഥര്‍ ശരീര താപനില പരിശോധിക്കുവാനും ആളുകളുടെ ക്രമീകരണത്തിനായി ഒരു ഉദ്യോഗസ്ഥനും ഉണ്ടായിരിക്കും.
വോട്ടെടുപ്പ് ഹൃദ്യമായ അനുഭവമാക്കാനും വോട്ടര്‍ക്ക് പരമാവധി പ്രാധാന്യം നല്‍കാനും ലക്ഷ്യമിട്ട് ജില്ലയില്‍ എല്ലാ മണ്ഡലങ്ങളിലും സ്ത്രീ സൗഹൃദ പോളിങ് സ്റ്റേഷനുകള്‍ തയ്യാറാക്കും. സ്ത്രീ സൗഹൃദബൂത്തുകള്‍ ആയതിനാല്‍ പൊലീസ് ഉള്‍പ്പടെ പോളിങ് ഉദ്യോഗസ്ഥരെല്ലാം വനിതകളാണെന്ന പ്രത്യേകതയും ഇവിടെയുണ്ട്.
ഭിന്നശേഷിക്കാര്‍ക്ക് വോട്ടു ചെയ്യാന്‍ ബൂത്തിലെത്തിക്കാന്‍ വാഹനങ്ങള്‍, വീല്‍ചെയര്‍, റാംപ് എന്നിവ എല്ലാ ബൂത്തുകളിലും തയ്യാറാക്കും. അംഗനവാടി ജീവനക്കാര്‍, ഐസിഡിസി പ്രോഗ്രാം ഓഫീസര്‍ തുടങ്ങിയവര്‍ക്കാണു ചുമതല.
വോട്ടെടുപ്പ് കേന്ദ്രങ്ങള്‍ ജനസൗഹൃദമാക്കുക, വോട്ടര്‍മാര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കി നല്‍കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് മാതൃകാ പോളിങ് സ്റ്റേഷനുകള്‍ ഒരുക്കുന്നത്.
വോട്ടവകാശം ആസ്വാദ്യകരമായി വിനിയോഗിക്കുവാന്‍ അവസരം ഒരുക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. ഇവിടെ വികലാംഗര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും സഹായികള്‍ ഉണ്ടാകും. ബൂത്തില്‍ പ്രവേശിക്കുന്നതു മുതല്‍ ഏതൊക്കെ ഭാഗത്തേക്കാണ് പോകേണ്ടതെന്ന ദിശാസൂചകങ്ങള്‍, കുടിവെള്ളത്തിന് പ്രത്യേക സംവിധാനം, ടോയ്‌ലറ്റുകള്‍, മെഡിക്കല്‍ സംഘം തുടങ്ങിയ സംവിധാനങ്ങളും ഇവിടെ ഉണ്ടാകും.