കേരളം
കരാർ നിയമനത്തിന് ലിസ്റ്റ്; സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയർ ആര്യ രാജേന്ദ്രന്റെ കത്ത് വിവാദത്തില്‍
സിപിഎം ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷനിലെ താത്കാലിക ജീവനക്കാരുടെ തസ്തികകളിലേക്ക് പാർട്ടിക്കാരെ തിരുകി കയറ്റാനുള്ള ശ്രമം വിവാദത്തിൽ. 295 താത്കാലിക തസ്തികകളിലേക്കു പാർട്ടിക്കാരെ തിരുകിക്കയറ്റാൻ മുൻഗണനാ പട്ടിക ആവശ്യപ്പെട്ട് മേയർ ആര്യാ രാജേന്ദ്രൻ ഔദ്യോഗിക ലെറ്റർ പാഡിൽ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് അയച്ച കത്ത് പുറത്തായി. പിന്നാലെയാണ് വിവാദം.
മേയറുടെ ഔദ്യോഗിക ലെറ്റർ പാഡിൽ ഈ മാസം ഒന്നിനാണ് കത്തയച്ചത്. ചില പാർട്ടി നേതാക്കളുടെ വാട്സാപ് ഗ്രൂപ്പുകൾ വഴി കത്ത് പരസ്യമായി. നഗരസഭയുടെ ആരോഗ്യ വിഭാഗത്തിലേക്ക് 295 താത്ക്കാലിക ജീവനക്കാരെ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നുണ്ടെന്നും ഇതിലേക്ക് പാർട്ടിയുടെ മുൻഗണനാ പട്ടിക നൽകണമെന്നും ആവശ്യപ്പെട്ടാണ് കത്ത്.
ഉദ്യോഗാർഥികളുടെ മുൻഗണനാ പട്ടിക നൽകണമെന്ന് അഭ്യർഥിക്കുന്നതായും കത്തിലുണ്ട്. അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും മേയർ ഒപ്പിട്ട കത്തിലുണ്ട്. പ്രധാന തസ്തികകൾ മുതൽ താത്കാലിക ഒഴിവുകളിൽ വരെ സിപിഎം ഇഷ്ടക്കാരെ കുത്തിനിറയ്ക്കുകയാണെന്ന ആക്ഷേപം സ്ഥിരീകരിക്കുന്നതാണ് കത്ത്.