കേരളം
മകരവിളക്കിനൊരുങ്ങി സന്നിധാനം; സുരക്ഷ ഉറപ്പാക്കാന്‍ 1000 പൊലീസ് ഉദ്യോഗസ്ഥര്‍ കൂടി
ശബരിമലയിൽ തിരക്ക് വർധിക്കുന്നു. മണിക്കൂറിൽ പതിനെട്ടാം പടി ചവിട്ടുന്നത് അയ്യായിരത്തോളം തീർത്ഥാടകരാണ്. മകരവിളക്ക് ആഘോഷത്തിനായി സന്നിധാനം ഒരുങ്ങികഴിഞ്ഞു. ഇന്ന് ബിംബശുദ്ധി ക്രിയകളും താന്ത്രിക ചടങ്ങുകളും ആണ് പ്രധാനമായും നടക്കുക. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വെർച്ചൽ ക്യൂ 50,000 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. സന്നിധാനത്ത് പരിസരത്തും മകരവിളക്ക് ദർശനത്തിനായി എത്തിയ തീർത്ഥാടകർ ശാലകൾ കെട്ടി കാത്തിരിക്കുകയാണ്. ഇവർക്കായി ഇന്നും നാളെയും പാണ്ടിത്താവളത്ത് അന്നദാനം ഒരുക്കിയിട്ടുണ്ട്.
സുരക്ഷയ്ക്കായി 1000 പൊലീസുകാരെ കൂടുതലായി പമ്പ മുതൽ പുല്ലുമേട് വരെയുള്ള പ്രദേശത്ത് വിന്യസിച്ചു. പൊലീസ് ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം മകരവിളക്ക് മഹോത്സവത്തിന് സന്നിധാനത്തും അനുബന്ധ പ്രദേശങ്ങളിലുമായി ഫയർഫോഴ്സിന്റെ 35 സ്ട്രക്ചർ ടീം പ്രവർത്തിക്കും. കുഴഞ്ഞു വീഴുന്നവരെയും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരെയും അടിയന്തരമായി ആരോഗ്യ കേന്ദ്രത്തിൽ എത്തിക്കുന്നതിനാണ് സ്ട്രക്ച്ചർ ടീമിനെ ഒരുക്കിയിരിക്കുന്നത്.