കേരളം
ദൗത്യം പ്രതിസന്ധിയിൽ; അരിക്കൊമ്പൻ എവിടെയെന്ന് കണ്ടെത്താൻ സാധിക്കാതെ അധികൃതർ
അരിക്കൊമ്പൻ ദൗത്യം പ്രതിസന്ധിയിൽ. അരിക്കൊമ്പൻ എവിടെയെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് അധികൃതർ പറയുന്നു. അരിക്കൊമ്പൻ ആനയിറങ്കൽ കടന്നുവെന്നാണ് സൂചന. പെരിയകനാൽ ഭാഗത്ത് ഉണ്ടെന്ന് നാട്ടുകാരും പറയുന്നുണ്ട്.
ഇന്ന് രാവിലെ 7 മണിയോടെ മയക്കുവെടി വയ്ക്കാനായിരുന്നു ദൗത്യസംഘത്തിന്റെ തീരുമാനം. എന്നാൽ മദപ്പാടുള്ള കാട്ടാനകളുടെ ഒപ്പമാണ് അരിക്കൊമ്പനുണ്ടായിരുന്നതുകൊണ്ട് സംഘത്തിന് വെടിവയ്ക്കാൻ സാധിച്ചില്ല. പടക്കം പൊട്ടിച്ച് ആനകളെ ചിതറിച്ച് ആരിക്കൊമ്പനെ സംഘത്തിൽ നിന്ന് പിരിക്കാനുള്ള ശ്രമവും പരാജയപ്പെടുകയായിരുന്നു.
മയക്കു വെടി വച്ചതിനുശേഷം കുങ്കിയാനകളെ ഉപയോഗിച്ച് അരികൊമ്പനേ ലോറിയിൽ കയറ്റാനാണ് വനംവുപ്പിന്റെ നീക്കം. ലോറിയിൽ കയറ്റുന്നതിന് മുൻപ് ജിപിഎസ് കോളർ ഘടിപ്പിക്കും. ലോറിയിൽ കയറ്റിയതിനുശേഷം ആണ് മറ്റു വകുപ്പുകളിലെ ജീവനക്കാരുടെ സഹായം കൂടുതലായും വരുന്നത്. ആനയുമായി പോകുന്ന വഴിയിൽ തടസങ്ങൾ ഉണ്ടാവാതിരിക്കാൻ പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും കെഎസ്ഇബിയുടെയും സഹായം തേടും.
അരികൊമ്പനെ പിടികൂടിയതിന് ശേഷം എങ്ങോട്ട് മാറ്റും എന്ന കാര്യത്തിൽ സസ്‌പെൻസ് തുടരുകയാണ്. ഇക്കാര്യം ഇതുവരെ വനംവകുപ്പ് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. അരിക്കൊമ്പനെ മാറ്റുന്നത് ജനവാസ മേഖലയിൽ അല്ല, ഉൾക്കാട്ടിലേക്ക് ആണ്. സജ്ജീകരണങ്ങൾ എല്ലാം പൂർത്തിയായെന്ന് ഡി എഫ് ഒ എൻ രാജേഷ് 24 നോട് പറഞ്ഞു. 2017 ദൗത്യം പരാജയപ്പെടാൻ ഉണ്ടായ കാരണങ്ങൾ വിലയിരുത്തിയാണ് പുതിയ ദൗത്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടുക്കിയിൽ അരിക്കൊമ്പന്റെ പരാക്രമം തുടങ്ങിയിട്ട് ഏകദേശം രണ്ടുപതിറ്റാണ്ടിലേറെയാകുന്നു. ശാന്തൻപാറ, ആനയിറങ്കൽ, ചിന്നക്കനാൽ തുടങ്ങിയ ഇടങ്ങളിലെ നിരന്തരം ശല്യക്കാരായ കാട്ടാനകളിൽ പ്രധാനി അരിക്കൊമ്പൻ തന്നെയാണെന്ന് പ്രദേശവാസികൾ ഉറപ്പിച്ച് പറയുന്നു. 30നും നാൽപ്പതിനും ഇടയിലാണ് അരിക്കൊമ്പന്റെ പ്രായം. പലചരക്കുകടകളും റേഷൻകടകളും തകർത്ത് അരി ഭക്ഷിക്കുന്നതിനാലാണ് അരിക്കൊമ്പന് ഈ പേരു വന്നത്.