കേരളം
അരിക്കൊമ്പനെ കണ്ടെത്തി; സിമന്റ് പാലത്തിന് സമീപം, നിരീക്ഷണത്തിലെന്ന് വനംവകുപ്പ്
അരിക്കൊമ്പനെ കണ്ടെത്തിയതായി വനംവകുപ്പ്. സിമന്റ് പാലത്തിന് സമീപം അരിക്കൊമ്പനുള്ളതായി വനംവകുപ്പ് സ്ഥിരീകരിച്ചു. ആന നിരീക്ഷണത്തിലെന്ന് അധികൃതർ വ്യക്തമാക്കി. സാഹചര്യം അനുകൂലമായാൽ ഇന്ന് തന്നെ വെടി വെക്കും. മറയൂർ കുടിയിലെ ക്യാമ്പിൽ നിന്ന് കുങ്കിയാനകളെ ഇറക്കി കഴിഞ്ഞു. ആനയിറങ്കലിൽ വനംവകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു അരിക്കൊമ്പൻ. നാല് കുങ്കിയാനകളെയാണ് സ്ഥലത്തേക്ക് കൊണ്ടുപോയിട്ടുള്ളത്.
കൊച്ചി ധനുഷ്കോടി ദേശീയപാതയും ആനയിറങ്കലും കടത്തി ദൗത്യ മേഖലയിൽ എത്തിച്ച ശേഷമായിരിക്കും മയക്കുവെടി വയ്ക്കുക. ഇതിനു ശ്രമങ്ങളാണ് രാവിലെ നടക്കുക. ദൗത്യ മേഖയിൽ സൗകര്യപ്രദമായ സ്ഥലത്തെത്തിയാൽ മയക്കു വെടി വക്കാനുള്ള സംഘം പുറപ്പെടും. ദൗത്യ മേഖലയിലേക്ക് എത്തിക്കാനുള്ള ശ്രമം വിജയിച്ചില്ലെങ്കിൽ ദൗത്യം നാളെയും നീളും.
മദപ്പാടിലായ ചക്കക്കൊമ്പൻ കാട്ടാനക്കൂട്ടത്തിനൊപ്പമെത്തിയതാണ് അരിക്കൊമ്പൻ ശങ്കരപാണ്ഡ്യമെട്ടിലേക്ക് മാറാൻ കാരണം. വനംവകുപ്പ് ഉദ്യോഗസ്ഥരടക്കം 150 ലേറെ പേരാണ് ചിന്നക്കനാലിൽ ജനജീവിതം ദുസ്സഹമാക്കി നാശം വിതച്ച അരിക്കൊമ്പനെ സ്ഥലം മാറ്റാനുള്ള ദൗത്യസംഘത്തിലുള്ളത്.