Connect with us

Kerala

അരിക്കൊമ്പൻ ചിന്നക്കനാലിലേക്കുള്ള ദിശയിൽ; നിരീക്ഷിച്ച് കേരളാ – തമിഴ്‌നാട് വനം വകുപ്പുകൾ

Published

on

അരിക്കൊമ്പൻ ലോവർ ക്യാമ്പ് ഭാഗത്തു നിന്നും നീങ്ങിയതായി തമിഴ്നാട് വനം വകുപ്പ്. ഇപ്പോൾ കമ്പംമേട് ഭാഗത്തേക്ക് ആന നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇവിടെ നിന്ന് ബോഡിമേട്ടിലേക്ക് പോയാൽ ആനയ്ക്ക് ചിന്നക്കനാലിലേക്ക് പോകാനാവും. ഈ സാഹചര്യത്തിൽ ആനയെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് വനം വകുപ്പ് ജീവനക്കാർ.

ഇന്നലെ രാത്രി തമിഴ്നാട്ടിലെ ലോവർ ക്യാമ്പിനും ഗൂഡല്ലൂരിനും ഇടയിലുള്ള വനമേഖലയിലാണ് ആനയുണ്ടായിരുന്നത്. കുമളിയിൽ നിന്നും പന്ത്രണ്ട് കിലോമീറ്ററോളം അകലെയായിരുന്നു ഇന്നലെ ആന. ചിന്നക്കനാലിലേക്ക് പോകാനുള്ള ദിശയിലാണെങ്കിലും കൂടുതൽ ദൂരം മുന്നോട്ടു പോയിട്ടില്ലെന്നാണ് ഇന്നലെ രാത്രി തമിഴ്നാട് വനംവകുപ്പ് അറിയിച്ചത്. ഇരു സംസ്ഥാനങ്ങളിലെയും വനംവകുപ്പ് ഉദ്യോഗസ്ഥ‍ർ നിരീക്ഷണത്തിനായി പ്രദേശത്ത് തുടരുകയാണ്.

രണ്ട് സംഘങ്ങളും വിഎച്ച്എഫ് ആന്റിനയുടെ സഹായത്തോടെയാണ് ആനയെ നിരീക്ഷിക്കുന്നത്. മേഘമലയിൽ തമിഴ്നാട് വനംവകുപ്പ് ഉപയോഗിച്ചിരുന്ന ആൻറിനയാണ് ഇവിടേക്ക് എത്തിച്ചിരിക്കുന്നത്. ജിപിഎസ് കോളറിൽ നിന്നുള്ള സിഗ്നലുകൾ തേക്കടിയിലും നിരീക്ഷിക്കുന്നുണ്ട്.

Advertisement