ക്രൈം
ജന്മദിനാഘോഷത്തിനിടെ തർക്കം; കത്തിക്കുത്ത്, അഞ്ചുപേർക്ക് പരിക്ക്
തിരുവനന്തപുരത്ത് ബിയർ പാർലറിൽ നടന്ന ജന്മദിന ആഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ അഞ്ചു പേർക്ക് കുത്തേറ്റു. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. അക്രമത്തിൽ പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കേക്ക് മുറിക്കുന്നത് ആരെന്നതിന്റെ പേരിലായിരുന്നു തർക്കം.
ശ്രീകാര്യം സ്വദേശി ഷാലു കെ നായർ (34), ചെറുവയ്ക്കൽ സ്വദേശി സൂരജ് (28),സ്വരൂപ് (30), ആക്കുളം സ്വദേശി വിശാഖ് (26), ശ്രീകാര്യം സ്വദേശി അതുൽ (28) എന്നിവർക്കാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഷാലു, സൂരജ് എന്നിവർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ശനിയാഴ്ച രാത്രി 11.30ന് ആണ് കേസിനാസ്പദമായ സംഭവം. ചെമ്പകമംഗലം സ്വദേശി അക്ബറിന്റെ ജന്മദിനം ആഘോഷിക്കാൻ എത്തിയ 9 അംഗസംഘം സമീപത്തെ മേശയിലിരുന്ന നാലംഗ സംഘവുമായി സൗഹൃദത്തിലായി. തുടർന്ന് ഒരുമിച്ചുള്ള ആഘോഷത്തിനിടെ, കേക്ക് മുറിക്കുന്നതിലായിരുന്നു തർക്കം ഉടലെടുത്തത്.
വാക്കുതർക്കത്തിനിടെ നാലംഗ സംഘം കയ്യിലുണ്ടായ കത്തി ഉപയോഗിച്ച് ആക്രമിച്ചു. കേക്ക് മുറിക്കാനുള്ള കത്തിയും ഫോർക്കും ഉപയോഗിച്ച് എതിർ സംഘവും കുത്തി. അക്രമത്തിൽ കഠിനംകുളം മണക്കാട്ടിൽ ഷമീം (34), കല്ലമ്പലം ഞാറയിൽക്കോണം കരിമ്പുവിള അനസ് (22) എന്നിവരെ അറസ്റ്റ് ചെയ്തു.