കേരളം
ഭൂമി തരംമാറ്റൽ; അപേക്ഷകളിൽ 6മാസത്തിനകം നടപടി
ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശദീകരണവുമായി റവന്യുമന്ത്രി കെ.രാജൻ . 2021 ഏപ്രിൽ മാസം മുതൽ ഇതുവരെ 40084 അപേക്ഷകൾ തീർപ്പാക്കി. ഇതുവരെ ഒരു ലക്ഷത്തിലേറെ അപേക്ഷകൾ ലഭിച്ചു. 2021 വരെ ജനുവരി വരെ കിട്ടിയ അപേക്ഷകൾ ആറു മാസം കൊണ്ടു തീർപ്പാക്കും. ഉദ്യോഗസ്ഥർ ഇല്ലാത്തതാണ് പലയിടത്തും അപേക്ഷകൾ കെട്ടിക്കിടക്കാൻ കാരണം. ഈ പ്രശ്നം പരിഹരിക്കാൻ ഉദ്യോഗസ്ഥർ കുറവുള്ള സ്ഥലങ്ങളിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും റവന്യു മന്ത്രി കെ രാജൻ നിയമസഭയിൽ പറഞ്ഞു. വാഹന സൗകര്യമില്ലാത്ത വില്ലേജ് ഓഫിസുകളിൽ വാഹന സൗകര്യം ഏർപ്പാടാക്കുമെന്നും റവന്യു മന്ത്രി കെ രാജൻ നിയമസഭയിൽ പറഞ്ഞു.
ഭൂമി തരംമാറ്റി കിട്ടാൻ ഒരു വർഷത്തിലേറെ റവന്യു ഓഫിസുകൾ കയറി ഇറങ്ങി മടുത്ത പറവൂർ മാല്യങ്കര സ്വദേശി മല്‍സ്യത്തൊഴിലാളിയായിരുന്ന സജീവൻ വീട്ടുപറമ്പിലെ മരക്കൊമ്പില്‍ ജീവനൊടുക്കിയിരുന്നു. തുടർന്നാണ് ഭൂമി തരംമാറ്റുന്നതിലെ പ്രശ്നങ്ങൾ ചർച്ചയായത്. ബാങ്ക് വായ്പ ലഭിക്കുന്നതിന് ,ആധാരത്തില്‍ നിലം എന്നത് പുരയിടം എന്നാക്കി മാറ്റാനിറങ്ങിയ സജീവനെ വിവിധ സർക്കാര്‍ ഓഫീസുകള്‍ വട്ടംകറക്കുകയായിരുന്നു എന്ന് സജീവൻ തന്നെ ആത്മഹത്യ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. സജീവന്‍ കഴിഞ്ഞമാസം നാലിനാണ് ആത്മഹത്യ ചെയ്തത്.
വില്ലേജ് ഓഫീസ്,പഞ്ചായത്ത് ഓഫീസ്, താലൂക്ക് ഓഫീസ് , ഒടുവില്‍ ഫോര്‍ട്ടുകൊച്ചിയിലെ ആര്‍ഡിഓ ഓഫീസ് ഇവിടെയെല്ലാം കയറിയിറങ്ങി. പക്ഷെ സര്‍ക്കാർ ഉദ്യോഗസ്ഥര്‍ അങ്ങോട്ടും ഇങ്ങോട്ടും സജീവനെ തട്ടിക്കളിച്ചു. ഒടുവില്‍ ആര്‍ഡിഓ ഓഫീസിലെത്തിയപ്പോൾ അപമാനിച്ച് ഇറക്കിവിട്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഈ നാട്ടിലെ ദുഷിച്ച ഭരണ സംവിധാനവും കൈക്കൂലിയുമാണ് തന്‍റെ മരണത്തിന് ഉത്തരവാദിയെന്ന് കുറിപ്പ് എഴുതി വെച്ച് ,ഒടുവില്‍ പുരയിടത്തിലെ മരക്കൊമ്പില്‍ ഒരു മുഴം കയറിൽ സജീവന്‍ ജീവിതം അവസാനിപ്പിക്കുകയായിരുന്നു.
സജീവന്റെ ആത്മഹത്യക്ക് ശേഷം സർക്കാർ സംവിധാനം ഉണർന്നു. ദിവസങ്ങൾക്കുള്ളിൽ ഭൂമി തരം മാറ്റി നൽകി. സജീവന്‍ ആത്മഹത്യ ചെയ്ത കേസില്‍ ആറ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഫോര്‍ട്ട് കൊച്ചി റവന്യൂ ഡിവിഷണൽ ഓഫീസിലെ ആറ് ഉദ്യോഗസ്ഥരെയാണ് സർക്കാര്‍ സസ്പെന്‍റ് ചെയ്തത്. ഒരു ജൂനിയര്‍ സുപ്രണ്ട്, മൂന്ന് ക്ലര്‍ക്കുമാര്‍, രണ്ട് ടൈപ്പിസ്റ്റുകള്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. ജൂനിയര്‍ സൂപ്രണ്ട് സി ആർ ഷനോജ് കുമാർ, സീനിയര്‍ ക്ലര്‍ക്കുമാരായ സി ജെ ഡെൽമ, ഒ ബി അഭിലാഷ്, സെക്ഷന്‍ ക്ലര്‍ക്ക് മുഹമ്മദ് അസ്ലാം, ടൈപ്പിസ്റ്റുകളായ കെ സി നിഷ, ടി കെ ഷമീം എന്നിവരാണിവര്‍. സജീവന്‍റെ അപേക്ഷ കൈകാര്യം ചെയ്തതില്‍ ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായ വീഴ്ച്ച സംഭവിച്ചെന്ന ലാന്‍ഡ് റവന്യൂ ജോയിന്‍റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി എടുത്തത്.