കേരളം
ദത്ത് വിവാദം;കുഞ്ഞിനെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും
അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ അനുപമയുടെതെന്ന് കരുതുന്ന കുഞ്ഞിനെ ഡിഎൻഎ പരിശോധനയ്ക്കായി ഇന്നു തിരുവനന്തപുരത്ത് എത്തിക്കും. ഇന്നലെ ആന്ധ്രയിലെ ശിശുക്ഷേമസമിതി ഓഫീസിൽ വെച്ച് വിജയവാഡയിലുള്ള ദമ്പതികളിൽ നിന്ന് ഏറ്റുവാങ്ങി. ശിശുക്ഷേമ സമിതിയിലെ ഉദ്യോഗസ്ഥയും പൊലീസുകാരും ഉൾപ്പെടുന്ന സംഘം ഇന്നു കുഞ്ഞുമായി തിരുവനന്തപുരത്ത് എത്തും.
കോടതി നിർദേശിക്കാതെ കുഞ്ഞിനെ കൈമാറാൻ വിജയവാഡയിലെ ദമ്പതികൾ ആദ്യം വിസമ്മതിച്ചെങ്കിലും ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതർ ഇവരെ ഫോണിൽ ബന്ധപ്പെട്ടു സ്ഥിതിഗതികൾ ബോധ്യപ്പെടുത്തി. കോടതി നടപടികൾ പൂർത്തീകരിക്കുന്നത് വരെ ശിശുക്ഷേമ സമിതിക്കായിരിക്കും കുഞ്ഞിന്റെ ഉത്തരവാദിത്വം.
തിരുവനന്തപുരത്ത് എത്തിച്ചാലുടൻ ഡിഎൻഎ പരിശോധനയ്ക്കായി കുഞ്ഞിന്റെ സാംപിൾ ശേഖരിക്കും. പരാതിക്കാരായ അനുപമ എസ് ചന്ദ്രൻ, ഭർത്താവ് അജിത്ത് കുമാർ എന്നിവരുടെ സാംപിളുകൾ ശേഖരിക്കാനും നോട്ടിസ് നൽകും.
രാജീവ് ഗാന്ധി ബയോ ടെക്നോളജി സെന്ററിൽ പരിശോധന നടത്താനാണ് സിഡബ്ല്യുസി ഉത്തരവ്. രണ്ടു ദിവസത്തിനുള്ളിൽ പരിശോധനാ ഫലം ലഭിക്കും. കുഞ്ഞ് അനുപമയുടെയും അജിത്തിന്റെയും ആണെന്നു തെളിഞ്ഞാൽ കോടതിയുടെയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെയും അനുമതിയോടെ അവർക്കു വിട്ടു കൊടുക്കും.