കേരളം
ശിശുക്ഷേമ സമിതിക്ക് മുന്നിലെ സമരം അവസാനിപ്പിച്ച് അനുപമ
കുഞ്ഞിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ശിശുക്ഷേമ സമിതിക്ക് മുന്നിൽ അനുപമ സമരം നടത്തിയ പന്തൽ പൊളിച്ചു. കുഞ്ഞിനെ തിരികെ കിട്ടിയതിന് പിന്നാലെയാണ് സമരസമിതിക്കാർ പന്തൽ പൊളിച്ച് നീക്കിയത്. പന്തൽ കെട്ടിയുള്ള സമരം അവസാനിപ്പിക്കുകയാണെന്നും തുടർ സമരങ്ങള്‍ നാളെ തീരുമാനിക്കുമെന്നും സമര സമിതി അറിയിച്ചു.
കുഞ്ഞിന് വേണ്ടിയുള്ള പോരാട്ടത്തിൽ സിപിഎമ്മിൽ നിന്നും ഇടപെടൽ ഉണ്ടാകുമെന്ന് കരുതിയിരുന്നുവെന്ന് അനുപമ പറഞ്ഞു. പാർട്ടി ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നുവെന്നും വാർത്ത പുറത്തേക്ക് എത്തിച്ച മാധ്യമങ്ങൾക്ക് പ്രത്യേക നന്ദിയറിയിക്കുകയാണെന്നും അനുപമ പറഞ്ഞു.
ഈ മാസം 11 മുതലാണ് കുഞ്ഞിനെ വിട്ടു കിട്ടനായി അനുപമ ശിശുക്ഷേമ സമിതിക്ക് മുന്നിൽ പന്തൽ കെട്ടി സമരം തുടങ്ങിയത്. കുഞ്ഞിനെ തിരികെ കിട്ടിയെങ്കിലും കുഞ്ഞിനെ തന്നിൽ നിന്നും അകറ്റിയവർക്കെതിരെ പോരാട്ടം തുടരാനാണ് അനുപമയുടെ തീരുമാനം. ശിശു ക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനും, സിഡബ്ല്യൂസി ചെയർപേഴ്സണ്‍ സുനന്ദക്കും എതിരെ നടപടി വേണമെന്നാണ് അനുപമയുടെ ആവശ്യം.
ദത്ത് നൽകലിൽ ഒരു ക്രമക്കേടുകളും നടന്നില്ലെന്ന വാദങ്ങളെ പൊളിക്കുന്ന വനിതാ ശിശുവികസന ഡയറക്ടറുടെ റിപ്പോർട്ട് പുറത്തുവരുമ്പോൾ സർക്കാർ പ്രതികൂട്ടിലാണ്. മകനെ തിരികെ കിട്ടിയ അനുപമ, മകനെ മൂന്ന് മാസത്തോളം കാലം സ്വന്തമായി കരുതി സംരക്ഷിച്ച ആന്ധ്രാ ദമ്പതിമാർക്ക് നന്ദിയറിയിച്ചു .
തന്റെ കുഞ്ഞിനെ ദത്തെടുത്ത ആന്ധ്രയിലെ ദമ്പതിമാർക്ക് നീതി കിട്ടണമെന്നും ദമ്പതികൾക്ക് എപ്പോൾ വന്നാലും കുഞ്ഞിനെ കാണാമെന്നും അനുപമ പറഞ്ഞു. ദമ്പതിമാരോട് തെറ്റ് ചെയ്തത് താനോ മകനോ അല്ല. എന്റെ മകനെ സ്വീകരിച്ചതിന്റെ പേരിൽ അവർക്ക് നീതി നിഷേധിക്കപ്പെടരുതെന്നും അനുപമ കൂട്ടിച്ചേർത്തു.