കേരളം
കുഞ്ഞ് അനുപമയുടേത് തന്നെ, ഡിഎന്‍എ പരിശോധനാഫലം പുറത്ത്
ആന്ധ്രാപ്രദേശില്‍ നിന്ന് കേരളത്തില്‍ കൊണ്ടുവന്ന കുഞ്ഞ് അനുപമയുടേത് തന്നെയെന്ന് ഡിഎന്‍എ പരിശോധനാഫലം. പരിശോധനാഫലം രാജീവ്ഗാന്ധി ബയോടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സിഡബ്ല്യൂസിക്ക് കൈമാറി. ഇത് കോടതിയില്‍ സമര്‍പ്പിക്കും. ഈ മാസം 30നാണ് കോടതി കേസ് പരിഗണിക്കുന്നത്.
മൂന്ന് തവണ ഡിഎന്‍എ സാമ്പിള്‍ ക്രോസ് മാച്ച് ചെയ്തപ്പോഴും മാതാവ് അനുപമയും പിതാവ് അജിത്തുമാണെന്ന് ഫലം ലഭിച്ചു. പരിശോധനാഫലം ഔദ്യോഗികമായി അനുപമയേയും അജിത്തിനേയും അറിയിച്ചിട്ടില്ല. ഡിഎന്‍എ പരിശോധനാ ഫലം സിഡബ്ല്യുസിക്ക് കൈമാറിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് സിഡബ്ല്യുസി കോടതിയില്‍ സമര്‍പ്പിക്കും.
ഫലം ഇതുവരെ കൈയ്യില്‍ കിട്ടിയിട്ടില്ലെന്ന് അനുപമ പ്രതികരിച്ചു. ഔദ്യോഗികമായി ലഭിക്കാനായി കാത്തിരിക്കുകയാണ്. ഫലം പോസിറ്റീവായതില്‍ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമുണ്ട്. ഒരു വര്‍ഷത്തിലധികമായി ഈ വേദന അനുഭവിക്കുകയാണ്. ഫലം വന്നതോടെ വല്ലാത്ത ആശ്വാസമാണ്. കുഞ്ഞിനെ കൈയ്യിലേക്ക് ലഭിക്കുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ്. എത്രയും വേഗം കാണാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അനുപമ പറഞ്ഞു.
കേരളത്തിലെത്തിച്ച കുഞ്ഞിന്റെ ജനിതക സാംപിളുകള്‍ പരിശോധനയ്ക്കായി ഇന്നലെയാണ് ശേഖരിച്ചത്. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജിയില്‍നിന്നുള്ള വിദഗ്ധരാണ് കുഞ്ഞിനെ താമസിപ്പിച്ചിരിക്കുന്ന നിര്‍മല ശിശുഭവനിലെത്തി സാംപിളെടുത്തത്. ഉച്ചയ്ക്കുശേഷം അനുപമയും അജിത്തും ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തി സാംപിളുകള്‍ നല്കി.
സി.ഡബ്ല്യു.സി. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കുഞ്ഞിനെ ഞായറാഴ്ച രാത്രിയാണ് ആന്ധ്രയില്‍നിന്നും തിരുവനന്തപുരത്തെത്തിച്ചത്.