കേരളം
യുവ നടിയെ ബലാത്സംഗം ചെയ്‌ത കേസ്; വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യം റദ്ദാക്കില്ല
യുവ നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ പ്രതിയായ നടൻ വിജയ് ബാബുവിനു മുൻകൂർ ജാമ്യം നൽകിയ ഹൈക്കോടതി ഉത്തരവിൽ ഇടപെടുന്നില്ലെന്നു സുപ്രീം കോടതി. എന്നാൽ വിജയ് ബാബുവിനെ ചോദ്യം ചെയ്യുന്നതിനു ഹൈക്കോടതി വച്ച നിബന്ധനകൾ സുപ്രീം കോടതി നീക്കി. ജൂലൈ മൂന്നു വരെ വിജയ് ബാബുവിനെ ചോദ്യം ചെയ്യാമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതു നീക്കം ചെയ്ത സുപ്രീം കോടതി ആവശ്യമെങ്കിൽ പൊലീസിനു തുടർന്നും ചോദ്യം ചെയ്യാവുന്നതാണെന്ന് വ്യക്തമാക്കി.
വിജയ് ബാബു തെളിവു നശിപ്പിക്കാൻ ശ്രമിക്കരുതെന്നും ഒരു തരത്തിലും സാക്ഷികളുമായി ബന്ധപ്പെടരുതെന്നും ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, ജെ കെ മഹേശ്വരി എന്നിവർ അടങ്ങിയ അവധിക്കാല ബെഞ്ച് ഉത്തരവിട്ടു. സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ഇടുന്നതിനും വിലക്കുണ്ട്. വിജയ് ബാബുവിനു മുൻകൂർ ജാമ്യം നൽകിയ ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സംസ്ഥാന സർക്കാരും നടിയുമാണ് സുപ്രീം കോടതിയെ സമീപിച്ചത്.
കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ വിദേശത്തേക്കു പോയ വിജയ് ബാബു നടിയുടെ പേരു വെളിപ്പെടുത്തിയതായി സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജയദീപ് ഗുപ്ത പറഞ്ഞു. ദുബൈയിലേക്കു പോയ വിജയ് ബാബു അവിടെ നിന്നു ജോർജിയയിലേക്കു കടന്നു. പാസ്‌പോർട്ട് കണ്ടുകെട്ടും എന്ന് അറിയിച്ചപ്പോഴാണ് ദുബൈയിൽ തിരിച്ചെത്തിയത്. ഇത്തരമൊരു കേസിൽ മുൻകൂർ ജാമ്യം നൽകിയത് അംഗീകരിക്കാനാവാത്തതാണെന്ന് ഗുപ്ത വാദിച്ചു.