കേരളം
മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയക്കെതിരെ വീണ്ടും കേസ്
മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന് സ്കറിയക്കെതിരെ പുതിയൊരു തട്ടിപ്പ് കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ബി.എസ്.എന്‍.എല്ലിന്റെ പേരില്‍ വ്യാജരേഖ ചമച്ച് തട്ടിപ്പ് നടത്തിയെന്നാണ് പരാതി.
ദല്‍ഹി സ്വദേശിയും മലയാളിയുമായ രാധാകൃഷ്ണന് നല്കിയ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്. ബി.എസ്.എന്‍.എല്ലിന്റെ പേരില്‍ വ്യാജരേഖ ചമച്ച് മറ്റൊരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ രജിസ്ട്രാര്‍ ഓഫ് കമ്പനീസിനെ വഞ്ചിച്ചെന്നാണ് പരാതി.
ക്രൈം നമ്പര്‍ 1202/2023 പ്രകാരമാണ് തൃക്കാക്കര പൊലീസ് ഷാജന് സ്കറിയക്കെതിരെ പുതിയ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഐ.പി.സി സെക്ഷന്‍ 420, 468, 471 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
പി.വി. അന്‍വര്‍ എം.എല്‍.എയാണ് പുതിയ കേസിന്റെ വിശദാംശങ്ങളും ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. ഷാജൻ സ്കറിയ പൊലീസിന്റെ വയർലെസ് സന്ദേശങ്ങൾ ചോർത്തിയെന്നാരോപിച്ച് പി.വി അൻവർ കഴിഞ്ഞ ദിവസം ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്ന് ചൂണ്ടിക്കാട്ടി അൻവർ പ്രധാനമന്ത്രിക്കും ഇ-മെയിൽ വഴി പരാതി നൽകിയിരുന്നു. ചോർത്താൻ ഷാജൻ മഹാരാഷ്ട്രയിലെ സംവിധാനങ്ങൾ ഉപയോഗിച്ചെന്നാണ് അൻവറിന്റെ ആരോപണം.