കേരളം
ലോക കേരള സഭയിൽ അനിത പുല്ലയില്‍ രണ്ടുദിവസവുമെത്തി; സഭയില്‍ കടന്നില്ലെന്ന് ചീഫ് മാര്‍ഷലിന്റെ റിപ്പോര്‍ട്ട്
പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സണ്‍ മാവുങ്കലിന്റെ ഇടനിലക്കാരിയെന്ന് ആരോപണം ഉയര്‍ന്ന അനിത പുല്ലയില്‍ രണ്ടു ദിവസവും ലോക കേരള സഭ നടന്ന നിയമസഭ മന്ദിരത്തില്‍ എത്തിയിരുന്നതായി ചീഫ് മാര്‍ഷല്‍ സ്പീക്കര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. റിപ്പോര്‍ട്ടില്‍ സ്പീക്കര്‍ എംബി രാജേഷ് വെള്ളിയാഴ്ച നടപടി തീരുമാനിച്ചേക്കും. നിയന്ത്രണങ്ങള്‍ ലംഘിച്ച് അനിത പുല്ലയില്‍ നിയമസഭയില്‍ കടന്നത് ഗുരുതര വീഴ്ചയാണെന്നാണ് വിലയിരുത്തല്‍.
സഭ ടിവിക്ക് ഒടിടി സഹായം നല്‍കുന്ന ബിട്രെയിറ്റ് സൊലൂഷനിലെ ജീവനക്കാരുടെ സഹായം ഇതിനു ലഭിച്ചു. സഭാനടപടികള്‍ നടന്ന ശങ്കരനാരായണന്‍ തമ്പി ഹാളില്‍ അനിത കടന്നിട്ടില്ല. ഇടനാഴിയില്‍ പലരുമായും സംസാരിക്കുകയും സഭ ടിവി ഓഫിസില്‍ ഏറെ സമയം ചെലവിടുകയും ചെയ്‌തെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഓപണ്‍ ഫോറത്തില്‍ പങ്കെടുക്കാന്‍ ക്ഷണക്കത്തുള്ളതുകൊണ്ടാണ് കടത്തിവിട്ടതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്.
അനിത മന്ദിരത്തിലേക്ക് വരുന്നത് മുതലുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഒടിടി സഹായം നല്‍കുന്ന കമ്പനിയിലെ രണ്ടു ജീവനക്കാരാണ് സഭാ മന്ദിരത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് അനിതയെ കൊണ്ടുപോയത്. ഓപണ്‍ ഫോറത്തിന്റെ പാസ് ഇവര്‍ക്ക് എങ്ങനെ കിട്ടിയെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ലെന്നാണ് സൂചന. ഓപണ്‍ ഫോറത്തിലെ ക്ഷണക്കത്ത് നോര്‍ക്ക വഴി പ്രവാസി സംഘടനകള്‍ക്ക് നല്‍കിയിരുന്നു. ഈ സംഘടനകള്‍ വഴിയാകും ക്ഷണക്കത്ത് അനിതക്ക് കിട്ടാന്‍ സാധ്യത.
രണ്ടാം ദിവസം പുറത്തേക്ക് പോകാന്‍ വാച്ച് ആന്‍ഡ് വാര്‍ഡ് ആവശ്യപ്പെട്ട ഘട്ടത്തില്‍ ജീവനക്കാര്‍ അനുഗമിച്ചിരുന്നു. നിയമസഭയിലെ പല ഗേറ്റുകളിലും സിസി ടിവി ഇല്ലെന്നും ഈ സംവിധാനവും സുരക്ഷ നടപടികളും ശക്തിപ്പെടുത്തണമെന്നും റിപ്പോര്‍ട്ടിലുണ്ട്. മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിനു ശേഷം മാത്രമാണ് അനിതയെ മന്ദിരത്തില്‍നിന്നും മാറ്റിയത്. ബിട്രെയിറ്റ് സൊലൂഷനുമായുള്ള കരാര്‍ റദ്ദാക്കിയേക്കും. വെള്ളിയാഴ്ച സ്പീക്കര്‍ വാര്‍ത്തസമ്മേളനം നടത്തുന്നുണ്ട്. തങ്ങള്‍ പാസ് നല്‍കിയിട്ടില്ലെന്ന് നോര്‍ക്ക വ്യക്തമാക്കിയിരുന്നു.