കേരളം
അനില്‍ കാന്ത് സംസ്ഥാന പൊലീസ് മേധാവി
സംസ്ഥാന പൊലീസ് മേധാവിയായി അനില്‍ കാന്തിനെ നിയമിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. 1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ അനില്‍ കാന്ത് നിലവില്‍ റോഡ് സുരക്ഷാ കമ്മിഷണറാണ്. ലോക്നാഥ് ബെഹ്റ സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് പുതിയ നിയമനം.
അന്‍പത്തിയൊന്‍പതുകാരനായ അനില്‍ കാന്ത് ഡല്‍ഹി സ്വദേശിയാണ്. പൊലീസ് സേനയിലും രാഷ്ട്രീയ നേതൃത്വത്തിലും പൊതുവേ സ്വീകാര്യനായ അനില്‍ കാന്ത് പട്ടിക വിഭാഗത്തില്‍നിന്ന് സംസ്ഥാനത്ത് പൊലീസ് മേധാവിയാവുന്ന ആദ്യത്തെയാളാണ്. അടുത്ത ജനുവരി വരെ അദ്ദേഹം പൊലീസ് മേധാവിയായി തുടരും.
ക്രമസമാധാന ചുമതലയുള്ള എഡിജിപി, വിജിലന്‍സ് ഡയറക്ടര്‍, ഫയര്‍ ഫോഴ്സ് മേധാവി എന്നീ ചുമതലകള്‍ നേരത്തെ അനില്‍ കാന്ത് നിര്‍വഹിച്ചിട്ടുണ്ട്. പുതിയ പൊലീസ് മേധാവിയെ നിയമിക്കാന്‍ മൂന്നു പേരുടെ ചുരുക്കപ്പട്ടികയാണ് യുപിഎസ്സി സംസ്ഥാന സര്‍ക്കാരിനു മുമ്പാകെ വച്ചത്.
സുദേഷ് കുമാര്‍, ബി സന്ധ്യ എ്ന്നിവരായിരുന്നു പട്ടികയില്‍ ഉണ്ടായിരുന്ന മറ്റു രണ്ടുപേര്‍. വിവാദങ്ങളില്ലാത്ത സര്‍വീസ് ചരിത്രം പരിഗണിച്ച് മറ്റു രണ്ടു പേരെയും ഒഴിവാക്കി അനില്‍ കാന്തിനെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു.