കേരളം
അന്വേഷണ കമ്മീഷനിലില്ലെന്ന പികെ ബിജുവിന്റെ വാദം തള്ളി അനിൽ അക്കര
കരുവന്നൂരിൽ അന്വേഷണ കമ്മീഷനായിരുന്നില്ലെന്ന സിപിഎം നേതാവ് പികെ ബിജുവിന്റെ വാദം തള്ളി കോൺഗ്രസ് നേതാവ് അനിൽ അക്കര. ബിജുവിനെ കമ്മീഷനായി നിയമിച്ച പാർട്ടി രേഖ അനിൽ അക്കര പുറത്ത് വിട്ടു. കരുവന്നൂർ ബാങ്കിലെ കമ്മീഷൻ അംഗമായ ബിജു പറയുന്നു അങ്ങനൊന്നില്ലെന്ന്. പാർട്ടി ഓഫീസിലിരിക്കുന്ന അന്വേഷണ റിപ്പോർട്ട് തൃശൂർ അരിയങ്ങാടിയിൽ പോലും കിട്ടുമെന്നും അനിൽ അക്കര പറഞ്ഞു.
കാലം മാറി ഇരുമ്പ് മറയ്ക്ക് തുരുമ്പായി ഓട്ടവീണു. താനാരാണെന്ന് തനിക്കറിയില്ലെങ്കിൽ താൻ ചോദിക്ക് താനാരാണെന്ന്. അതാണ് ഇപ്പോൾ ഓർമ്മവരുന്നതെന്നും അനിൽ അക്കര പരിഹസിച്ചു. അനിൽ അക്കരയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് സിപിഎം നേതാവ് പികെ ബിജു നേരത്തെ വാർത്താസമ്മേളനം നടത്തി പറഞ്ഞിരുന്നു. തനിക്കെതിരെ തെളിവുണ്ടങ്കിൽ അനിൽ മാധ്യമങ്ങൾക്ക് കൈമാറണം. എംപിയായിരിക്കെ താൻ താമസിച്ച വീടുകളുടെ വാടക കൃത്യമായി കൊടുത്തിട്ടുണ്ട്. ഒരു കള്ളപ്പണക്കാരന്റെയും സംരക്ഷണം കമ്യൂണിസ്റ്റ് പാർട്ടിക്കാർക്ക് ആവശ്യമില്ല. താൻ അന്വേഷണ കമ്മീഷനലില്ല. പാർട്ടി കമ്മീഷനെ വച്ചോ എന്ന് തനിക്കറിയില്ലെന്നും പികെ ബിജു വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ മുന്‍ എംപി പികെ.ബിജുവിന് പങ്കുണ്ടെന്ന് ആരോപിച്ചത് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരയാണ്. ഇഡിയുടെ റിമാന്റ് റിപ്പോർട്ട് ഞെട്ടിക്കുന്നതാണ്. തട്ടിപ്പിലെ മൊയ്തീൻ ബന്ധം നേരത്തെ അറിഞ്ഞതാണ്. മുന്‍ എംപി.പികെ.ബിജു സാമ്പത്തിക ഇടപാട് നടത്തിയ വിവരങ്ങളുണ്ട്. ഇഡി റിപ്പോര്‍ട്ടില്‍ പറയുന്ന മുന്‍ എംപി. പികെ.ബിജുവാണ്. അദ്ദേഹം ആദ്യം ഓഫീസിട്ടത് പാലക്കാട് വടക്കഞ്ചേരിയിലാണ്. പിന്നീടത് പാർളിക്കാടേക്ക് മാറ്റി. കൊട്ടാര സദൃശ്യമായ വീടാണ് പർളിക്കാട്ടേത്. ബിജുവിന്റെ മെന്ററാണ് ആരോപണവിധേയനായ സതീശൻ.