കേരളം
ട്രാൻസ് ജെൻഡർ അനന്യയുടെ മരണം; മുറിവുകൾക്ക് കാലപ്പഴക്കമില്ല, ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടുണ്ടായതല്ലെന്ന് റിപ്പോർട്ട്
ആത്മഹത്യ ചെയ്ത ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിന്റെ ശരീരത്തിലുണ്ടായിരുന്ന മുറിവുകൾക്ക് അധികം കാലപ്പഴക്കമില്ലെന്നു റിപ്പോർട്ട്. ഒരു വർഷം മുൻപു നടന്ന ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടുണ്ടായ മുറിവുകളല്ല മറിച്ച് അടുത്തിടെയുണ്ടായ മുറിവുകളാണെന്നാണു ഇതേക്കുറിച്ചു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ളതെന്നു കളമശേരി പൊലീസ് പറഞ്ഞു.
അനന്യയുടെ മരണം ആത്മഹത്യ തന്നെയാണോ എന്ന കാര്യം മാത്രമാണു കളമശേരി പൊലീസ് അന്വേഷിക്കുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അനന്യയുടെ മരണം ആത്മഹത്യയാണെന്നു പൊലീസ് സ്ഥിരീകരിച്ചു. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തണോയെന്ന കാര്യം തീരുമാനിച്ചിട്ടില്ല.
അനന്യയുടെ പോസ്റ്റ്മോർട്ടം നടത്തിയ എറണാകുളം ഗവ. മെഡിക്കൽ കോളജ് ഫൊറൻസിക് സയൻസ് വിഭാഗം മേധാവി ഡോ. ടോമി മാപ്പിലകയിലിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിരുന്നു. ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട കാര്യങ്ങൾ തങ്ങളുടെ അന്വേഷണ പരിധിയിൽ വരുന്നില്ലെന്നു കളമശേരി പൊലീസ് പറഞ്ഞു.
കേസിന് ആവശ്യമാണെങ്കിൽ മാത്രമേ ശസ്ത്രക്രിയ നടത്തിയ ഡോക്ടറിൽ നിന്നു മൊഴിയെടുക്കൂ. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ അനന്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ അനന്യയുടെ പങ്കാളിയേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.